മുഖീം രജിസ്ട്രേഷനിൽ സഊദിയിൽ നിന്ന് വാക്സിൻ എടുത്തവർക്കും ക്വാറന്റൈൻ വിവരങ്ങൾ നൽകണമെന്ന്, സഊദി യാത്രക്കാർ പ്രതിസന്ധിയിൽ

മുഖീം സൈറ്റ് അപ്ഡേറ്റിൽ ഉണ്ടായ ടെക്നിക്കൽ പ്രശ്നമാണെന്നാണ് കരുതുന്നത്

0
5058

റിയാദ്: സഊദിയിലേക്ക് വരുന്നവർക്കുള്ള പ്രവേശന രജിസ്ട്രെഷൻ സംവിധാനമായ മുഖീമിൽ രജിസ്റ്റർ ചെയ്യാനാകാതെ സഊദിയിൽ നിന്ന് രണ്ട് വാക്സിൻ എടുത്ത പ്രവാസികൾ. സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ വാക്സിനേറ്റഡ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുമ്പോൾ ക്വാറന്റൈൻ വിവരങ്ങൾ നൽകാതെ നിലവിൽ രജിസ്ട്രഷൻ പൂർത്തീകരിക്കാൻ സാധിക്കുന്നില്ല. ഇതാണ് സഊദി യാത്രക്കാർക്ക് പ്രതിസന്ധി തീർക്കുന്നത്. ഇന്ന് രാവിലെ മുതൽ രജിസ്ട്രേഷൻ ചെയ്യാൻ ശ്രമിച്ചവർക്കാണ് ഈ പ്രശ്നം നേരിട്ട് തുടങ്ങിയത്.

സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത, ക്വാറന്റൈൻ ഇല്ലാതെ ഇറങ്ങാൻ കഴിയുന്നവരെയാണ് ഇത്‌ വെട്ടിലാക്കുന്നത്. നേരത്തെ വാക്സിൻ സ്വീകരിച്ച റീ എൻട്രിക്കാർ വാക്സിനേറ്റഡ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുമ്പോൾ നേരിട്ട് രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇവർക്കും ക്വാറന്റൈൻ വിവരങ്ങൾ നൽകാനാണ് ആവശ്യപ്പെടുന്നത്. ഇത്‌ നൽകാതെ രജിസ്ട്രേഷൻ പൂർത്തീകരിയ്ക്കാൻ സാധിക്കുന്നില്ല.

എന്നാൽ, നിലവിൽ സഊദി പ്രവാസികൾക്ക് പ്രത്യേകമായ നിബന്ധനകൾ സഊദി അധികൃതർ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല എന്നതിനാൽ ഇപ്പോഴത്തെ പ്രശ്നം സൈറ്റ് അപ്ഡേറ്റ് ചെയ്തതിലെ ടെക്നിക്കൽ പ്രശ്നം ആണെന്നാണ് മനസിലാകുന്നത്. കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി സൈറ്റിൽ അപ്ഡേറ്റ് നടന്നിരുന്നു. ഇന്ത്യയിൽ നിന്ന് വരുന്നവർക്കാണ് ഈ പ്രശ്നം നില നിൽക്കുന്നത്. എന്നാൽ കണക്ഷൻ വിമാനങ്ങളിൽ പോകുന്നവർ യു എ ഇ പോലെയുള്ള രാജ്യങ്ങൾ സെലക്റ്റ് പോകുമ്പോൾ ഈ പ്രശ്നം കാണിക്കുന്നില്ല.

നിലവിൽ സഊദിയിലേക്ക് വരുന്ന ഓരോ യാത്രക്കാരും മുഖീമിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത് നിര്ബന്ധമാണ്. വാക്സിൻ സ്വീകരിച്ച ഇഖാമക്കാർ, വാക്സിൻ സ്വീകരിക്കാത്ത ഇഖാമക്കാർ, വാക്സിൻ സ്വീകരിച്ച സന്ദർശകർ, വാക്സിൻ സ്വീകരിക്കാത്ത സന്ദർശകർ എന്നിങ്ങനെ വാക്സിൻ സ്വീകരിച്ച സ്റ്റാറ്റസ് അനുസരിച്ചാണ് ഓരോരുത്തരും രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത്. സഊദി പ്രവാസികളിൽ ഇന്ത്യയിൽ നിന്ന് വാക്സിൻ എടുത്ത് സഊദി ആരോഗ്യ മന്ത്രാലയത്തിൽ അപ്ഡേറ്റ് ചെയ്തവർക്കും സഊദിയിൽ നിന്ന് വാക്സിൻ എടുത്തവർക്കും വാക്സിൻ സ്വീകരിച്ച ഇഖാമക്കാർ എന്ന വിഭാഗത്തിൽ നേരിട്ട് രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കുമായിരുന്നു.

അതാണ് ഇന്ന് മുതൽ ക്വാറന്റൈൻ വിവരങ്ങളും നൽകാൻ ആവശ്യപെടുന്നത്. ഇത്‌ സംബന്ധമായ അറിയിപ്പുകൾ സഊദിയുടെ ഭാഗത്ത് നിന്ന് ഇത്‌ വരെ ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ടെക്നിക്കൽ പ്രശ്നം ആകാനാണ് സാധ്യതയെന്നും ഉടൻ പരിഹരിക്കപ്പെടുമെന്നുമാണ് പ്രതീക്ഷയെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ വിലയിരുത്തുന്നു. നിലവിൽ സഊദിയിൽ നിന്ന് രണ്ട് വാക്സിനെടുത്തവർ ഷെൽട്ടർ തിരഞ്ഞെടുത്ത് ഏതെങ്കിലും സെന്ററുകൾ തിരഞ്ഞെടുത്തോ കണക്ഷൻ വിമാനങ്ങളിൽ വരുന്നവർ അതാത് കണക്ഷൻ രാജ്യങ്ങൾ (ഉദാ: ഖത്തർ, യുഎഇ…..) എന്നിവ തിരഞ്ഞെടുത്തോ രജിസ്ട്രേഷൻ പൂർത്തീകരിക്കാവുന്നതാണ്.

വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇

Gulf News Updates Whatsup