സഊദിക്കും യുഎഇ ക്കും നേരെ ഹൂതി മിസൈൽ ആക്രമണങ്ങൾ; ജിസാനിൽ പ്രവാസികൾക്ക് പരിക്ക്

0
5082

റിയാദ്: സഊദി അതിർത്തി പ്രദേശമായ ജിസാനിൽ ഹൂതി മിസൈൽ ആക്രമണം. യമനിലെ വിമതരായ ഹൂതികൾ തൊടുത്തു വിട്ട മിസൈൽ വ്യാവസായിക മേഖലയായ അഹദ് അൽ മസരിഹയിൽ ആണ് പതിച്ചത്. ഇതെ തുടർന്ന് രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റതായി അറബ് സഖ്യം അറിയിച്ചു. വിദേശ ജോലിക്കാർക്കാണ് പരിക്കേറ്റത്.

സുഡാനീസ്, ബംഗ്ലാദേശ് വംശജരായ നിവാസികൾക്ക് പരിക്കേൽക്കുകയും വർക്ക്ഷോപ്പുകൾക്കും സിവിലിയൻ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്ത “ക്രൂരവും പൈശാജികവുമായ ആക്രമണത്തിൽ” ശക്തമായി തിരിച്ചടി നൽകുമെന്ന് അറബ് സഖ്യം അറിയിച്ചു.

രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന വ്യാവസായിക മേഖലയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള മൂന്നാമത്തെ ഹൂതി ശ്രമമാണിത്. യെമനിലെ അൽ-ജൗഫ് ഗവർണറേറ്റിൽ നിന്ന് വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായും സഖ്യസേന അറിയിച്ചു. അറബ് സഖ്യത്തിന്റെ ജോയിന്റ് കമാൻഡ് അസീർ മേഖലയിലെ ദഹ്‌റാൻ അൽ-ജനൂബ് നഗരത്തിലെ വ്യാവസായിക മേഖലയിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണ ആഘാതത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.

അതിനിടെ, ഹൂതി ഭീകരർ രാജ്യത്തിന് നേരെ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയംവും അറിയിച്ചു. രണ്ട് മിസൈലുകളുടെയും അവശിഷ്ടങ്ങൾ അബുദാബി എമിറേറ്റിന് ചുറ്റുമുള്ള പ്രത്യേക പ്രദേശങ്ങളിൽ പതിച്ചതിനാൽ ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് എമിറേറ്റ്‌സ് വാർത്താ ഏജൻസി “വാം” പുറത്ത് വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഹൂതി മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ രണ്ട് ഇന്ത്യക്കാർ അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.

വാർത്താ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/DeZkkFHZdXWEjIp9fqZJ3l

വീഡിയോ👇