ക്ഷമിക്കണം, തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു; റിയാദിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള വിമാനം ദമാമിൽ അടിയന്തിര ലാൻഡിംഗ് നടത്തി പൈലറ്റ്

0
4851

ദമാം വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനം മാറ്റാൻ അനുവദിക്കാതെ പ്രതിഷേധം തീർത്ത് യാത്രക്കാർ

റിയാദ്: തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ വിമാനം പാതിവഴിയിൽ ഇറക്കി പൈലറ്റ്. റിയാദിൽ നിന്നും പുറപ്പെട്ട പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ പൈലറ്റ് ആണ് തന്റെ ജോലി സമയം അവസാനിച്ചതിനാൽ ദമാമിൽ ഇറക്കി തുടർന്ന് ഇസ്‌ലാമാബാദിലേക്കുള്ള യാത്ര തുടരാൻ വിസമ്മതിച്ചത്. വിചിത്രമായ സംഭവത്തിനാണ് ദമാം എയർപോർട്ട് സാക്ഷ്യം വഹിച്ചത്.

മോശം കാലാവസ്ഥ കാരണം റിയാദിൽ നിന്ന് ഇസ്‌ലാമാബാദിലേക്കുള്ള “പി കെ 9754” എന്ന വിമാനം വൈകിയാണ് പുറപ്പെട്ടത്. എന്നാൽ, ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തതിന് ശേഷം പൈലറ്റ് ദമാമിൽ ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഡ്യൂട്ടി സമയം അവസാനിച്ച പൈലറ്റ് ദമാം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്താൻ തീരുമാനിക്കുകയും വിമാനം പറത്തുന്നത് തുടരാൻ വിസമ്മതിക്കുകയും ചെയ്തു.

വിമാനം വൈകിയതിൽ പ്രതിഷേധിച്ച യാത്രക്കാർ വിമാനം മാറ്റാൻ വിസമ്മതിച്ചു. ഏതാനും മിനിറ്റുകൾക്ക് ശേഷം സ്ഥിതിഗതികൾ സംഘർഷഭരിതമായതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ജോലി സമയം അവസാനിച്ചതിനാൽ വിമാനം പൂർത്തിയാക്കാത്തതിൽ ക്ഷമാപണം നടത്തിയാണ് വിമാനം ദമാമിൽ ഇറക്കിയത്.

അതേസമയം, വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയ്ക്കായി പൈലറ്റിന് വിശ്രമം ആവശ്യമാണെന്നും എല്ലാ യാത്രക്കാരും രാത്രി 11 മണിക്ക് ഇസ്‌ലാമാബാദ് എയർപോർട്ടിൽ എത്തിക്കുമെന്നും അതുവരെ അവരെ ഹോട്ടലുകളിൽ താമസിപ്പിക്കുമെന്നും പാകിസ്ഥാൻ എയർലൈൻസ് വക്താവ് പറഞ്ഞു.