റിയാദ്: ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് സഊദിയിലേക്ക് വീണ്ടും വിമാന വിലക്ക് ഏർപ്പെടുത്തിയെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ നേരത്തെയുള്ള പ്രസ്താവനയുടെ പോസ്റ്റർ എഡിറ്റ് ചെയ്‌ത് ഇന്നത്തെ തിയ്യതി കൂട്ടിച്ചേർത്താണ് പ്രചാരണം കൊഴുക്കുന്നത്. ഇന്ന് രാവിലെ മുതൽ ഇത് വ്യാപകമായതോടെ പ്രവാസികളിൽ പലരും അങ്കലാപ്പിലാകുകയും ചെയ്‌തു. നേരത്തെ കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് സഊയിലേക്ക് 20 രാജ്യങ്ങളിൽ നിന്ന് താൽക്കാലിക യാത്രവിലക്ക് ഏർപ്പെടുത്തിക്കൊണ്ട് സഊദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്ന പോസ്റ്ററിലാണ് പുതിയ തീയതി കൂട്ടിച്ചേർത്ത് വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ പോസ്റ്റർ വ്യാപകമായി പ്രചരിച്ചതോടെ വാർത്ത ശരിയാണോ എന്നറിയാൻ നിരവധി പേരാണ് യാഥാർഥ്യം തേടി ബന്ധപ്പെടുന്നത്.

നിലവിൽ ഇന്ത്യ ഉൾപ്പെടെ നേരത്തെ വിലക്കുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്ന് വിമാനസർവീസുകൾ, വിലക്ക് പിൻവലിച്ചതിന് ശേഷം നടക്കുന്നുണ്ട്. ഒമിക്രോൺ പശ്ചാത്തലത്തിൽ തത്കാലം വ്യോമ നിയന്ത്രണം പോലെയുള്ള നടപടികളിലേക്ക് തങ്ങൾ ആലോചിക്കുന്നില്ലെന്ന് സഊദി അധികൃതർ വ്യക്തമാക്കുകയും വളരെ പക്വതയാർന്ന നിലയിൽ കാര്യങ്ങളെ സമീപിച്ചു വരികയുമാണ്. ഇതിനിടെയാണ് പ്രവാസികളെ ഭയപ്പെടുത്തുന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. ഇത്തരം വ്യാജ വാർത്തകളിൽ നിന്ന് പ്രവാസികൾ പൂർണ്ണമായും വിട്ടു നിൽക്കണം. വാർത്തകൾക്ക് ഔദ്യോഗിക സോഴ്‌സുകൾ പരിശോധിക്കുകയോ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രം കൈകാര്യം ചെയ്യുന്ന മലയാളംപ്രസ്സ് പോലെയുള്ള മാധ്യമങ്ങളെ പിന്തുടരുകയോ വേണം.
നിലവിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ സഊദിയിൽ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. വ്യാജ വാർത്തയും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചാൽ തടവും കനത്ത പിഴയും ലഭിക്കും. ഇന്ന് പുറത്തിറങ്ങിയ പോസ്റ്ററിന്റെ ഉറവിടം വ്യക്തമല്ലെങ്കിലും കാര്യമറിയാതെ നിരവധി പേരാണ് ഇത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ സഊദിയിൽ കടുത്ത ശിക്ഷ നടപടികൾ നേരിടേണ്ടിവരുമെന്നതിനാൽ ഇത്തരം വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും പ്രവാസികൾ വിട്ടുനിൽക്കണം.
സഊദി പ്രവാസികളെ ശ്രദ്ധിച്ചോളൂ… സ്മാർട്ട് ഫോണുകൾ ദുരുപയോഗം ചെയ്‌താൽ ഒരു വർഷം തടവും 500,000 റിയാൽ പിഴയും




