സഊദിയിൽ ബലദിയ കാർഡ് ഇല്ലെങ്കിൽ പിഴ ചുമത്തും, മുന്നറിയിപ്പുമായി നഗരഗ്രാമ മന്ത്രാലയം

0
5401

റിയാദ്: രാജ്യത്തെ വാണിജ്യ സ്ഥാപന തൊഴിലാളികൾക്ക് നിർബന്ധമായ ബലദിയ കാർഡ് അഥവാ ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ശനിയാഴ്ച മുതൽ പിഴ ചുമത്തുമെന്ന് നഗരഗ്രാമ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്ഥാപനങ്ങളിലെ തൊഴിലാളിക്ക് രണ്ടായിരം റിയാൽ വീതമാണ് പിഴ ഈടാക്കുക. കാര്‍ഡില്ലാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾ പിഴ ഒടുക്കേണ്ടി വരും.

കാലാവധിയുള്ള ബലദിയ്യ കാർഡ് കൈവശമില്ലാത്ത ജീവനക്കാർക്ക് രണ്ടായിരം റിയാൽ വീതമാണ് പിഴ ചുമത്തുക. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ഇരട്ടിയാക്കും. ബാര്‍ബര്‍മാര്‍, പാചകക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍, ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് ബലദിയ കാര്‍ഡ് നിര്‍ബന്ധമാണ്.

സ്ഥാപനത്തിൽ തൊഴിലിൽ ഏർപ്പെടുത്തിരിക്കുന്നവർ രോഗികളല്ലെന്നും അത്തരം ജോലികള്‍ ചെയ്യുന്നതിന് യോഗ്യരാണെന്നും തെളിയിക്കുന്നതാണ് ബലദിയ കാർഡ്. ഇതോടൊപ്പം,ബ്യൂട്ടി പാർലറുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നിർദ്ദേശിച്ച പ്രത്യേക നിബന്ധനകളും നിലവിൽ വരും. നിയമ ലംഘനം കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കുകയും നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയുൾപ്പെടെയുള്ള കർശന നടപടികളും കൈക്കൊള്ളും.