റിയാദ്: ഡോക്ടറുടെ അനുമതിയില്ലാതെ കുട്ടികൾക്ക് പാരസെറ്റമോൾ മെഡിസിൻ നൽകരുതെന്ന് മുന്നറിയിപ്പ്. സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് രാജ്യത്ത് കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള അസുഖങ്ങളും കൊവിഡും വ്യാപകമായി പടരുന്ന സാഹചര്യത്തിൽo മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
പനിക്കും ശരീര വേദനക്കും സാധരണയായി ഉപയോഗിച്ച് വരുന്ന പാരസെറ്റമോൾ മെഡിസിൻ കുട്ടികൾക്ക് നൽകുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം. ഓരോ കുട്ടികൾക്കും അവരുടെ തൂക്കവും മരുന്നിന്റെ സാന്ദ്രതയുമനുസരിച്ചാണ് ഇത് നൽകേണ്ടത്. അതിനാൽ തന്നെ ഓരോരുത്തർക്കും നൽകേണ്ട ഡോസുകൾ വ്യത്യസ്ഥമായിരിക്കും.

അത് കൊണ്ട് തന്നെ ആരോഗ്യ വിദഗ്ദരുടെ നിർദേശപ്രകാരം അനുയോജ്യമായ അളവിൽ മാത്രമേ മരുന്ന് ഉപയോഗിക്കാവൂ. അല്ലാത്ത പക്ഷം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അതോറിറ്റി വിശദീകരിച്ചു.




