റിയാദ്: സഊദി അറേബ്യയിലെ ത്വാഇഫ് നഗരത്തിന് നേരെ യമനിലെ ഹൂതികൾ മിസൈൽ അയച്ചു. ശത്രുതാപരമായ വ്യോമ ലക്ഷ്യത്തെ പ്രതിരോധ പേടകം ഉപയോഗിച്ച് തടഞ്ഞ് തകർത്തതായി സഊദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചയാണ് ത്വാഇഫ് ലക്ഷ്യമാക്കി ആക്രമണം നടന്നത്.
യെമനിനുള്ളിൽ നിന്നാണ് ഹൂതി ആക്രമണം ലക്ഷ്യമാക്കിയെത്തിയതെന്നും ഭീഷണി നിയന്ത്രിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും എല്ലാ പ്രവർത്തന പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഞായറാഴ്ച രാത്രി ഇറാന്റെ പിന്തുണയുള്ള ഹൂതി മിലിഷ്യകൾ രാജ്യത്തിന്റെ തെക്കൻ മേഖലയിലേക്ക് വിക്ഷേപിച്ച മൂന്ന് സ്‌ഫോടനാത്മക ഡ്രോണുകൾ നശിപ്പിച്ചതിന്റെ വീഡിയോകൾ അറബ് സഖ്യം തിങ്കളാഴ്ച പുറത്തു വിട്ടിരുന്നു.
രാജ്യത്തെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സഖ്യം സ്ഥിരീകരിച്ചു. യെമൻ തലസ്ഥാനമായ സനയിൽ നിന്ന് ഡ്രോണുകൾ വിക്ഷേപിക്കുന്നതും ഹൂതികൾ മനുഷ്യകവചങ്ങൾ ഉപയോഗിച്ചതും സഖ്യസേന നിരീക്ഷിച്ചതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇതിനെതിരെ ഉടനടി പ്രതികരിക്കുന്നതിനും ആവശ്യമായ എല്ലാ പ്രവർത്തന നടപടികളും സ്വീകരിക്കുമെന്നും സഖ്യം അറിയിച്ചു.
യെമനിലെ ഹൂത്തികൾ 2021-ൽ സഊദി അറേബ്യയിൽ ഡസൻ കണക്കിന് അതിർത്തി കടന്നുള്ള വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള സൈന്യം സ്‌ഫോടനാത്മക ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് രാജ്യത്തെ സിവിലിയൻ പ്രദേശങ്ങളെയും ഊർജ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടു. യെമനിലെ ഹൂത്തി സൈനിക ലക്ഷ്യങ്ങൾക്കെതിരെ അറബ് സഖ്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
