എയർ ബബ്ൾ: കോഴിക്കോട് നിന്നും സഊദിയിലേക്ക് 11 മുതൽ സർവ്വീസുകൾ

ഫ്ലൈനാസും ഇൻഡിഗോയുമാണ് സഊദിയിലെ വിവിധ സെക്റ്ററുകളിലേക്ക് സർവ്വീസുകൾ നടത്തുക

0
8794

കരിപ്പൂർ: സഊദി അറേബ്യയുമായി പുതിയ എയർ ബബ്ൾ കരാർ നിലവിൽ വന്നതോടെ സർവ്വീസുകൾ ആരംഭിക്കുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജനുവരി 11 മുതലാണ് സർവിസുകൾ തുടങ്ങുന്നത്. സഊദിയിലെ ഫ്ലൈ നാസും ഇന്ത്യയിലെ ഇൻഡിഗോയുമാണ് തുടക്കത്തിൽ സർവിസ് നടത്തുക. ഫ്ലൈ നാസ് റിയാദിലേക്കും ഇൻഡിഗോ ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുമാണ് സർവിസ്.

ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലായി റിയാദ് സെക്ടറിൽ ആഴ്ചയിൽ മൂന്ന് സർവിസാണ് ഫ്ളൈനാസ് നടത്തുക. രാവിലെ 7.30ന് റിയാദിൽ നിന്നെത്തുന്ന വിമാനം 8.30 ന് മടങ്ങും. ജിദ്ദ, ദമാം , മദീന, ജിസാൻ, അബഹ, അൽഹസ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് എല്ലാം ഈ സർവിസിന് കണക്ഷൻ വിമാനം ലഭിക്കുമെന്നും ഫ്ലൈ നാസ് അധികൃതർ അറിയിച്ചു.

തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി 9.30 നാണ് ജിദ്ദയിലേക്ക് ഇൻഡിഗോ സർവിസ്. രാവിലെ 10.40ന് തിരിച്ചെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ദമാമിൽ നിന്ന് 7.35ന് എത്തുന്ന വിമാനം 8.35ന് മടങ്ങും.

നിലവിൽ ചാർട്ടർ സർവിസുകളാണ് സഊദി സെക്ടറിലുള്ളത്. സഊദി പ്രവാസികളുടെ ഏറെ കാലത്തെ നിരന്തര ആവശ്യത്തിന് ഒടുവിലാണ് സഊദിയുമായി എയർ ബബ്ൾ കരാറിലെത്തിയത്. കൊവിഡിന് മുമ്പ് നിർത്തിയ സർവിസാണ് ഫ്ലൈ നാസ് പുനരാരംഭിക്കുന്നത്. അതേസമയം, നിലവിൽ ചാർട്ടർ സർവിസുകളാണ് നടത്തുന്നതെന്നും എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവിസുകൾ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.

സഊദി യാത്രക്ക് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണം. മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കരിപ്പൂരിൽ നിന്ന് ഏറ്റവും തിരക്കേറിയ സഊദി സെക്ടറിൽ വലിയ വിമാനമില്ലാത്തത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ, സഊദി എയർലൈൻസ് സർവിസ് നടത്തിയിരുന്നെങ്കിലും വിമാനാപകട പശ്ചാത്തലത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ഇത്‌ തിരിച്ചുകൊണ്ടുവരാൻ ശക്തമായ നീക്കങ്ങൾ നടക്കുന്നുണ്ട്.