പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇഡിയുടെ കുരുക്ക്, നോട്ടീസ് ലഭിച്ചു തുടങ്ങി, വൻ തുക പിഴ കൊടുക്കേണ്ടി വരുമെന്ന് സൂചന

0
6

ദുബായില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വസ്തുവകകള്‍ വാങ്ങിയ ഇന്ത്യക്കാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തില്‍. വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ ലംഘിച്ച് പണമിടപാട് നടത്തിയവര്‍ക്ക് ഇ.ഡി നോട്ടീസ് അയച്ചു തുടങ്ങി. നിയമക്കുരുക്കിലായതോടെ പലര്‍ക്കും വന്‍ തുക പിഴയൊടുക്കേണ്ടി വരുമെന്നും സൂചനയുണ്ട്. ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മാന്ദ്യം പ്രകടമാകുന്നതിനിടെയാണ് നിക്ഷേപകര്‍ക്ക് ഇരുട്ടടിയായി കേന്ദ്ര ഏജന്‍സിയുടെ നടപടി വരുന്നത്.

കുരുക്ക് വന്നത് ഇങ്ങനെ

ദുബായ് സന്ദര്‍ശനത്തിനിടെ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വീടിന്റെ അഡ്വാന്‍സ് തുക നല്‍കിയവരാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. ചിലര്‍ ബില്‍ഡര്‍മാര്‍ അയച്ചുകൊടുത്ത ലിങ്കുകള്‍ വഴി ക്രെഡിറ്റ് കാര്‍ഡ് മുഖേന പണമടച്ചു. എന്നാല്‍, വിദേശത്ത് വസ്തു വാങ്ങാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് ഇന്ത്യയിലെ നിയമപ്രകാരം അനുവദനീയമല്ലെന്ന് പലരും തിരിച്ചറിഞ്ഞില്ല. ഫെബ്രുവരിയില്‍ മാത്രം മൂന്ന് പ്രമുഖര്‍ക്ക് ഇ.ഡി നോട്ടീസ് അയച്ചതായാണ് റിപ്പോര്‍ട്ട്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.

നിയമം പറയുന്നത് എന്ത്?

റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം പ്രകാരം ഇന്ത്യക്കാര്‍ക്ക് വിദേശത്ത് വസ്തുവകകള്‍ വാങ്ങാന്‍ അനുവാദമുണ്ട്. എന്നാല്‍ ഈ പണം കൃത്യമായ ബാങ്കിംഗ് ചാനലുകള്‍ വഴി നികുതി അടച്ച രേഖകളോടെ മാത്രമേ അയക്കാന്‍ പാടുള്ളൂ.

ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡ് ഒരു ഹ്രസ്വകാല വായ്പയാണ്: വിദേശത്ത് വസ്തു വാങ്ങുന്നത് ‘ക്യാപിറ്റല്‍ അക്കൗണ്ട്’ ഇടപാടായിട്ടാണ് കണക്കാക്കുന്നത്. ഇതിനായി വായ്പയെടുക്കുന്നത് ചട്ടവിരുദ്ധമാണ്.

ഉപയോഗം പരിമിതം: ഹോട്ടല്‍ ബില്ലുകള്‍, ഷോപ്പിംഗ്, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവ വാങ്ങാനേ വിദേശത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാവൂ.

നോട്ടീസ് ലഭിച്ചവര്‍ക്ക് ഇനി കാര്യങ്ങള്‍ എളുപ്പമാകില്ല. കുറ്റം സമ്മതിച്ച് വന്‍ തുക പിഴയടച്ച് കേസ് അവസാനിപ്പിക്കേണ്ടി വരും. ഇതിനായി ആര്‍ബിഐയെ സമീപിക്കണം. ചില സാഹചര്യങ്ങളില്‍, ക്രെഡിറ്റ് കാര്‍ഡ് വഴി നല്‍കിയ പണം റദ്ദാക്കി ബാങ്ക് വഴി പുതിയതായി പണമയക്കാന്‍ ബില്‍ഡറോട് ആവശ്യപ്പെടേണ്ടി വരും. പ്രശ്‌നം സങ്കീര്‍ണ്ണമാണെങ്കില്‍ വസ്തു വിറ്റ് പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ പോലും ആര്‍ബിഐ നിര്‍ദേശിച്ചേക്കാം. നിലവില്‍ ദുബായ് വിപണി മോശമായതിനാല്‍, തിരക്കിട്ട് വസ്തു വില്‍ക്കുന്നത് നിക്ഷേപകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. വിദേശത്ത് നിക്ഷേപം നടത്തുന്നവര്‍ വിദഗ്ധരുടെ ഉപദേശം തേടാത്തതാണ് ഇത്തരം കുരുക്കുകള്‍ക്ക് പ്രധാന കാരണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.