സഊദി ‘ദാക്കർ റാലി’യിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി താരവും

പാലക്കാട് ഷൊർണൂർ ഹാരിത് നോഹയാണ് ബൈക്കോട്ട വിഭാഗത്തിൽ മലയാളികൾക്ക് അഭിമാനമായി ഇന്ത്യൻ പതാകയേന്തുന്നത്

0
1899

റിയാദ്: സഊദിയിൽ നടക്കുന്ന 44-ാമത് എഡിഷൻ ‘ദാക്കർ റാലി’യിൽ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയവരിൽ മലയാളി താരവും. പാലക്കാട് ജില്ലയിലെ ഷൊർണൂർ വാടാനംകുർശിക്കടുത്ത കണയം ഗ്രാമത്തിൽ നിന്ന് ഹാരിത് നോഹയാണ് മത്സരത്തിലെ ബൈക്കോട്ട വിഭാഗത്തിൽ മലയാളികൾക്ക് അഭിമാനമായി ഇന്ത്യൻ പതാകയേന്തുന്നത്. മുംബൈക്കാരനായ ആശിഷ്‌റാവുവാണ് മറ്റൊരു ഇന്ത്യക്കാരൻ.

കണയത്തെ കെ.വി മുഹമ്മദ് റാഫിയുടേയും ജർമൻകാരിയായ ഭാര്യ സൂസന്നയുടേയും മകനായ ഹാരിത് നോഹയുടെ ജനനം ജർമ്മനിയിലായിരുന്നു. ജർമനിയിലെ കൊളോൺ സ്വദേശിനിയാണ് സൂസന്ന. ഹാരിത് നോഹക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് ഇവർ തിരികെ നാട്ടിലെത്തുകയും കണയം ഗ്രാമത്തിൽ സ്ഥിരതാമസമാക്കുകയും ചെയ്തത്. ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തിൽ കർണ്ണാടക സംഗീതം പഠിക്കാനെത്തിയപ്പോഴാണ് സൂസന്നയെ കെ.വി മുഹമ്മദ് റാഫി വിവാഹം കഴിച്ചത്. അന്ന് ഷൊർണൂർ മുനിസിപ്പൽ ബസ്സ്റ്റാന്റിനു സമീപം ബേക്കറി നടത്തുകയായിരുന്ന റാഫി വിവാഹ ശേഷം സൂസന്നയോടൊപ്പം ജർമനിയിലേക്കു പോവുകയും ഏറെക്കാലം കൊളോണിൽ താമസിക്കുകയുമായിരുന്നു.

ഹാരിത് നോഹ മാതാപിതാക്കൾക്കൊപ്പം

സ്‌പോർട്‌സ് സയൻ ബിരുദധാരിയായ ഹാരിത് മൂന്നാം തവണയാണ് ഇത്തവണ ദാക്കറിൽ മാറ്റുരക്കുന്നത്. ഹാരിതിന് മുമ്പ് ദാക്കറിൽ ഇന്ത്യക്കാരന്റെ റെക്കോർഡ് സി.എസ്. സന്തോഷിന്റെ പേരിലായിരുന്നു, 2015 ൽ മുപ്പത്താറാം സ്ഥാനം. 2020 ലായിരുന്നു ഹാരിതിന്റെ ദാക്കാർ അരങ്ങേറ്റം. കന്നിയങ്കത്തിൽ മത്സരം പൂർത്തിയാക്കാനായി. കഴിഞ്ഞ വർഷം ഇന്ത്യൻ റെക്കോർഡിന് ഉടമയാവുകയും ചെയ്തു. പതിനെട്ടാം വയസ്സിൽ എം.ആർ.എഫ് നാഷനൽ സൂപ്പർ ക്രോസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതോടെയാണ് ഹാരിത് തികഞ്ഞ ഒരു ബൈക്കോട്ടക്കാരനായി മാറിയത്. ടി.വി.എസ് റേസിംഗ് ടീമിന്റെ ഭാഗമായി ഏഴു ദേശീയ ചാമ്പ്യൻഷിപ്പുകളിലും ഹാരിത് വിജയിയായിരുന്നു.

റേസിംഗ് സ്‌പോർട്‌സിനോടുള്ള പിതാവ് കെ.വി മുഹമ്മദ് റാഫിയുടെ താൽപര്യമാണ് ഹാരിത് നോഹയെയും ബൈക്ക് റൈസിങ് രംഗത്തേക്ക് ആകർഷിച്ചത്. 2020 ൽ കൊവിഡ്കാല പരിമിതികളെ മറികടന്ന് സഊദിയിൽ നടന്ന ദാക്കാർ റാലിയിൽ പങ്കെടുക്കാൻ സാധിച്ച ഹാരിതിന് സഊദി നിരത്തുകളെക്കുറിച്ച് നല്ല മതിപ്പും പരിചയവുമുള്ളത് ഇത്തവണ ഇത്‌ തുണയാകുമെന്നാണ് കരുതുന്നത്. ഹായിലിൽ നിന്ന് തുടങ്ങി അർധാവിയ, ഖൈസൂമ, ദവാദ്മി, വാദി അൽ ദവാസീർ, ബീശ എന്നീ പ്രദേശങ്ങൾ താണ്ടി ഈ മാസം 14 ന് ജിദ്ദയിൽ സമാപിക്കുന്ന ദാക്കാർ റാലിയ്ക്ക് ഇത് മൂന്നാം തവണയാണ് സഊദി അറേബ്യ ആതിഥേയത്വം വഹിക്കുന്നത്.