ഭൂരിഭാഗം പ്രദേശങ്ങളിലും താപനില കുറയും ഇടിമിന്നൽ തുടരുമെന്നും സഊദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
2256

റിയാദ്: രാജ്യത്തെ വിവിധ നഗരങ്ങളിലും ഗവർണറേറ്റുകളിലും ഇന്ന് (തിങ്കളാഴ്‌ച) പ്രതീക്ഷിക്കുന്ന കാലാവസ്ഥയെ കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് പുറത്തിറക്കി. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനിലയിൽ കുറവുണ്ടാകുമെന്നും അതേസമയം ജസാൻ, അസിർ, നജ്‌റാൻ മേഖലകളിലും എംപ്റ്റി ക്വാർട്ടർ മരുഭൂമി, സകാക്ക, വടക്കൻ അതിർത്തികൾ, കിഴക്കൻ മേഖലയുടെ വടക്കൻ ഭാഗങ്ങൾ ഇടിമിന്നൽ തുടരുമെന്നും സജീവമായ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

രാജ്യത്തിന്റെ കിഴക്ക്, മധ്യ, വടക്കൻ ഭാഗങ്ങളിലും ജിസാൻ, അസീർ, അൽ ബാഹ, മക്ക, മദീന എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലും രാത്രി വൈകിയും പുലർച്ചെയും മൂടൽമഞ്ഞ് രൂപപ്പെടുമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, നാളെ (ചൊവ്വാഴ്‌ച) മുതൽ നിരവധി പ്രദേശങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകനും കാലസ്ഥാ നിരീക്ഷണ കേന്ദ്രം സ്പെഷ്യലിസ്റ്റുമായ അഖിൽ അൽ-അഖീൽ പറഞ്ഞു. ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെയായിരിക്കും.

റിയാദ്, തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, ഹായിൽ, അൽ-ഖസിം എന്നിവയെ ഈ സാഹചര്യം ബാധിക്കുമെന്ന് അൽ-അഖീൽ വിശദീകരിച്ചു. റിയാദിലെ നിലവിലെ ചൂടിന് കാരണം മേഘാവൃതമാണ്. എന്നാൽ, ഇത് നീങ്ങുന്നതോടെ തണുപ്പ് ബാധിക്കും.

റിയാദ് മേഖലയിലും കിഴക്കൻ പ്രവിശ്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലും വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ-ജൗഫ്, ഹായിൽ, ഖസീം ഉൾപ്പെടെ ചിലയിടങ്ങളിൽ ഇടത്തരം മുതൽ കനത്ത മഴ തുടരുന്നതായി “അൽ-ഇഖ്ബാരിയ” ചാനലിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ, പ്രത്യേകിച്ച് തബൂക്ക് മേഖലയിൽ അന്തരീക്ഷം ക്രമേണ സ്ഥിരത കൈവരിക്കാൻ തുടങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു.