അബ്ദുൽ ഖാദർ ഹാജി, ആലിക്കുട്ടി ഹാജി അനുസ്മരണം സംഘടിപ്പിച്ചു

ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഈയിടെ അന്തരിച്ച മുസ്‌ലിം ലീഗ് നേതാക്കളായ ടി. പി അബ്ദുൽ ഖാദർ ഹാജി, അന്ന്യാടൻ ആലിക്കുട്ടി ഹാജി എന്നിവരുടെ അനുസ്മരണവും പ്രാർത്ഥനയും സംഘടിപ്പിച്ചു. മാറാക്കര ഗ്ലോബൽ കെഎംസിസി വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന പരിപാടി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കാടാമ്പുഴ മൂസ ഹാജി ഉദ്ഘാടനം ചെയ്തു. മത – രാഷ്ട്രീയ – സാമൂഹിക രംഗത്ത് ഏറെ സജീവമായി പ്രവർത്തിച്ചവരായിരുന്നു അബ്ദുൽ ഖാദർ ഹാജിയും ആലിക്കുട്ടി ഹാജിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളായിരുന്നപ്പോഴും നാട്ടിൽ മടങ്ങിയെത്തിയ ശേഷവും സാധാരക്കാർക്ക് വേണ്ടി ഇവർ പ്രവർത്തിച്ചു. ആധുനിക സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന പഴയ കാലത്ത് പാർട്ടി സമ്മേളനങ്ങൾ വിജയിപ്പിച്ചതിലും പ്രാദേശിക തലത്തിൽ മുസ്‌ലിം ലീഗ് പാർട്ടിയെ വളർത്തിയതിലും രണ്ട് പേരുടെയും പങ്ക് വിസ്മരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ്‌ ടി. എം ബഷീർ കുഞ്ഞു അധ്യക്ഷത വഹിച്ചു. പ്രവാസികളായിരുന്നപ്പോഴും പ്രവാസം നിറുത്തിയ ശേഷവും മത – രാഷ്ട്രീയ രംഗത്ത് ഏറെ സജീവമായിരുന്ന രണ്ട് പേരുടെയും വിയോഗം തീരാ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ അനുസ്മരിക്കുക വഴി പഴയ തലമുറയിൽപ്പെട്ട പാർട്ടി പ്രവർത്തകരുടെ സേവന പ്രവർത്തനങ്ങൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന മഹത്തായ സന്ദേശമാണ് മാറാക്കര ഗ്ലോബൽ കെഎംസിസി നിർവ്വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു എ ഇ സന്ദർശനം നടത്തുന്ന കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ തന്റെ തിരക്കിനിടയിലും അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു. ടി. പി അബ്ദുൽ ഖാദർ ഹാജി, അന്യാടൻ ആലിക്കുട്ടി ഹാജി എന്നീ നേതാക്കളുടെ വിയോഗം മാറാക്കര പഞ്ചായത്ത്‌ മുസ്‌ലിം ലീഗിന് വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവരെപ്പോലുള്ള പഴയ കാല നേതാക്കൾ ഒന്നും ആഗ്രഹിക്കാതെ പ്രവർത്തിച്ചത് കൊണ്ടാണ് മുസ്‌ലിം ലീഗ് പാർട്ടി വളർന്നതെന്നും അവരുടെ പ്രവർത്തനങ്ങൾ നമുക്ക് മാതൃകയാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം.ഹംസ മാസ്റ്റർ, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. കെ സുബൈർ, കുറ്റിപ്പുറം ബ്ലോക്ക്‌ മെമ്പർ നാസിബുദ്ധീൻ കരേക്കാട്, മാറാക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. പി സജ്‌ന ടീച്ചർ, പഞ്ചായത്ത്‌ ബോർഡ് മെമ്പർമാരായ സജിത ടീച്ചർ, ഒ. പി കുഞ്ഞി മുഹമ്മദ്‌ തുടങ്ങിയ ജന പ്രതിനിധികളും,കോട്ടക്കൽ മണ്ഡലം യു ഡി എഫ് ചെയർമാൻ മധു സൂധനൻ കാടാമ്പുഴ, ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ എ. പി മൊയ്‌ദീൻ കുട്ടി മാസ്റ്റർ, ഗ്ലോബൽ കെഎംസിസി മുൻ ഭാരവാഹിയും പ്രവാസി ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റുമായ പി. പി ഹംസക്കുട്ടി ഹാജി, ഗ്ലോബൽ കെഎംസിസി ചീഫ് കോ ഓർഡിനേറ്റർ ഒ. കെ കുഞ്ഞിപ്പ, ഗ്ലോബൽ കെഎംസിസി ഭാരവാഹിയും മുൻ ഗ്രാമ പഞ്ചായത്ത്‌ മെമ്പറുമായ സലീം മണ്ടായപ്പുറം തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

ഗ്ലോബൽ കെഎംസിസി റിലീജിയസ് വിംഗ് ചെയർമാൻ അസ്‌കർ മുസ്‌ലിയാർ ഖിറാഅത് നടത്തി. അലവിക്കുട്ടി മുസ്‌ലിയാർ പുളിക്കൽ മരണപ്പെട്ട നേതാക്കൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തി. മാറാക്കര ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ സ്വാഗതവും ട്രഷറർ മുഹമ്മദ്‌ കല്ലിങ്ങൽ നന്ദിയും പറഞ്ഞു

.