തിരുവനന്തപുരം എയർപോർട്ടിൽ റാപിഡ് ടെസ്റ്റ് പോസ്റ്റീവ് കൊച്ചിയിൽ എത്തിയപ്പോൾ നെഗറ്റീവ്, അനുഭവം പങ്കുവെച്ച് സാമൂഹ്യ പ്രവർത്തകൻ

0
3911

എയർപോർട്ടിലെ റാപിഡ് ടെസ്റ്റ് കൃത്യമല്ലെന്ന് ആരോപണം

കൊച്ചി: തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് യു എ ഇ യിലേക്ക് പോകാനായി നടത്തിയ റാപിഡ് ടെസ്റ്റ് പോസ്റ്റീവ് ആയതിനെ തുടർന്ന് അനുഭവം പങ്ക് വെച്ച് സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ്‌ താമരശേരി. അതെ ദിവസം തന്നെ അവിടുന്ന് നേരിട്ട് വാഹനം കയറി കൊച്ചിയിൽ എത്തിയപ്പോൾ ഫലം നെഗറ്റീവ്. വിമാനത്താവളങ്ങളിലെ റാപിഡ് ടെസ്റ്റുകളിലെ അപാകത മൂലം യാത്ര മുടങ്ങുന്നുവെന്ന പരാതിക്കിടെയാണ് തെളിവുകൾ നിരത്തി അഷ്‌റഫ്‌ താമരശേരി സംഭവം വെളിപ്പെടുത്തുന്നത്. അടിയന്തിര ആവശ്യത്തിനായി നാട്ടിലെത്തി ഷാർജയിലേക്ക് മടങ്ങുമ്പോഴാണ് അദ്ദേഹത്തിന് ഈ ദുരനുഭവം ഉണ്ടായത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എയർ അറേബ്യയുടെ വിമാനത്തിൽ പോകാനായി എത്തിയ ഇദ്ദേഹം യാത്രക്ക് മുന്നോടിയായി നടത്തിയ റാപിഡ് പരിശോധന ഫലം പോസിറ്റീവ് ആയതാണ് സംശയം ഉയർത്തിയത്. 24 മണിക്കൂറിന് മുമ്പ് എടുത്ത ആർ ടി പി സി ആർ ഫലം നെഗറ്റീവ് ആയിരുന്നു. ഇതേ തുടർന്ന് ഒരു തവണ കൂടി പരിശോധിക്കാൻ ആവശ്യപ്പെട്ടങ്കിലും ഉദ്യോഗസ്ഥർ കാർക്കഷ്യത്തോടെ യാത്ര ചെയ്യാൻ കഴിയില്ലെന്നും തിരിച്ചു പോകാനും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, രണ്ട് മയ്യത്തുകളാണ് തന്റെ വരവും കാത്ത് മോർച്ചറിയിൽ കിടക്കുന്നതെന്ന ചിന്ത അഷ്‌റഫ്‌ താമരശേരി എന്ന മനുഷ്യ സ്നേഹിയെ അലട്ടിയപ്പോഴാണ് കൊച്ചിയിൽ പോയി ശ്രമിക്കാം എന്ന ചിന്ത ഉദിച്ചത്.

പിന്നീട് നേരെ കൊച്ചിയിലേക്ക് വാഹനം എടുക്കുകയും വിമാന ടിക്കറ്റ് അടക്കം വേണ്ട കാര്യങ്ങൾ എല്ലാം ഓൺലൈൻ വഴി ചെയ്യുകയും ചെയ്തു. കൊച്ചിയിൽ എത്തി വീണ്ടും റാപിഡ് പി സി ആർ ചെയ്തപ്പോൾ നെഗറ്റീവ് ആയിരുന്നു ഫലം. ഇതുപയോഗിച്ച് അദ്ദേഹം കൊച്ചി വഴി ഷാർജയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോൾ എൻ്റെ കൊവിഡ് മാറിയോ എന്നും വെറും 7 മണിക്കൂർ കൊണ്ട് കൊവിഡ് മാറാനുളള മരുന്ന് ഞാൻ കഴിച്ചോ എന്നും അദ്ദേഹം ചോദിച്ചു. സംവിധാനങ്ങൾ ഇപ്പോഴും പഴയത് തന്നെയാണെന്നും അതുപോലെ മനോഭാവവും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടൂ എന്നും അദ്ദേഹം ഉണർത്തി.

എത്രയോ പാവപ്പെട്ട പ്രവാസികളെയാണ് റിസൾട്ട്‌ പോസറ്റീവ് ആണെന്ന് പറഞ്ഞ് ഇവർ തിരിച്ച് അയക്കുന്നത്. ക്വാളിറ്റിയില്ലാത്ത മെഷീനും വെച്ച് റാപിഡ് ടെസ്റ്റ്‌ ചെയ്യുവാൻ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ ഒഴിവാക്കണമെന്നും പ്രവാസികളെ ചൂക്ഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അദ്ദേഹം പങ്ക് വെച്ച കുറിപ്പ് വായിക്കാം 👇

രണ്ട് ദിവസം മുമ്പ് ഒരു സ്വകാരൃ ചടങ്ങിൽ പങ്കെടുക്കുവാൻ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രി ഇന്നലെ 2.55 ന് (G9447) തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്കുളള Air Arabia യുടെ വിമാനത്തിൽ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പിൽ 2490 രൂപ അടച്ച് Rapid Test ചെയ്തപ്പോൾ Result postive. താങ്കൾക്ക് നിയമപരമായി യാത്ര ചെയ്യുവാൻ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറത്തേക്കുളള വഴിയും കാണിച്ച് തന്നു. സമയം നോക്കിയപ്പോൾ രാത്രി 11 മണിയായി. 24 മണിക്കൂറിന് മുമ്പ് എടുത്ത RTPCR ൻ്റെ Result ആണെങ്കിൽ നെഗറ്റീവും. ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി, ഒരു രക്ഷയുമില്ലാത്ത മറുപടി, ഗൾഫിൽ പോയി കൊറേണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോൾ ഇവിടെത്തെ മെഷീനാണ് കുഴപ്പം, ഇവിടെ നിന്ന് പൊയക്കോ സമയം കളയാതെ എന്ന ദാർഷ്ഠ്യം കലർന്ന മറുപടിയും. ടാക്സി സ്റ്റാൻഡിൽ നിന്നും ഞാൻ ആലോചിക്കുകയായിരുന്നു. രണ്ട് മയ്യത്തുകളാണ് എൻ്റെ വരവും കാത്ത് മോർച്ചറിയിൽ കിടക്കുന്നത്. തീരെ ഒഴിവാക്കുവാൻ കഴിയാത്തത് കൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്നതും. ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിൻ്റെ കാര്യം പറഞ്ഞിട്ട് എന്ത് കാരൃം. ഒരു വഴിയും മുന്നിൽ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് മനസ്സിൽ ഒരു ആശയം കിട്ടിയത്. നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്സിയിൽ നേരെ നെടുമ്പാശ്ശേരിക്ക്‌ വെച്ച് പിടിച്ചു. രാവിലെ 10.10 ന് കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോകുന്ന IX 413 Air india express ൻ്റെ ടിക്കറ്റ് online ലൂടെ എടുക്കുകയും ചെയ്തു. വെളുപ്പാൻ കാലംം 4.45 ന് നെടുമ്പാശ്ശേരിയിൽ എത്തുകയും അവിടെയും 2490 രൂപ അടച്ച് Rapid Test ന് വിധേയമായി. അരമണിക്കൂർ കഴിഞ്ഞ് Result വന്നപ്പോൾ നെഗറ്റീവ്. നോക്കു Trivandrum ത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോൾ എൻ്റെ കോവിഡ് മാറിയോ, വെറും,7 മണിക്കൂർ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് ഞാൻ കഴിച്ചോ, പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്. നിങ്ങളുടെ സംവിധാനങ്ങൾ ഇപ്പോഴും പഴയത് തന്നെയാണ്,അതുപോലെ നിങ്ങളുടെ മനോഭാവവും, ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്ന് ആലോചിക്കണം. ഈ Quality യില്ലാത്ത മെഷീനും വെച്ച് Rapid Test ചെയ്യുവാൻ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ നിങ്ങൾ ഒഴിവാക്കണം. എത്രയോ പാവപ്പെട്ട പ്രവാസികളാണ് Result postive ആണെന്ന് പറഞ്ഞ് ഇവർ തിരിച്ച് അയക്കുന്നത്. ഇത് മൂലം അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ ആര് തിരിച്ച് നൽകും. ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ, സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു. അധികാരികൾ ഇത്തരം കാരൃങ്ങൾക്ക് നേരെ കണ്ണടക്കരുത്. പ്രവാസികളെ ചൂക്ഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണം.

അഷ്റഫ് താമരശ്ശേരി