റിയാദ് സീസൺ ആവേശകൊടുമുടിയിലേക്ക്; സൽമാൻ ഖാൻ, ശിൽപാ ഷെട്ടി ഉൾപ്പെടെ ബോളീവുഡ് താര ലോകം റിയാദിൽ

0
3603

റിയാദ്: സഊദിയിൽ നടക്കുന്ന റിയാദ് സീസൺ ആവേശകൊടുമുടിയിലാക്കി ബോളീവുഡ് താര ലോകം റിയാദിൽ. സൽമാൻ ഖാൻ, ശിൽപാ ഷെട്ടി ഉൾപ്പെടെ ബോളീവുഡ് താര ലോകം റിയാദിൽ എത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച റിയാദിൽ അരങ്ങേറുന്ന ‘ഡബാങ് ദ ടൂർ റീലോഡഡ്’ എന്ന മെഗാ ഷോ അവതരിപ്പിക്കാനാണ് പ്രശസ്ത അഭിനേതാക്കളായ ശിൽപാ ഷെട്ടി, സായി മഞ്ജരേക്കർ, ആയുഷ് ഷർമ, ഗായകൻ ഗുരു രണദേവ് എന്നിവരടങ്ങുന്ന സംഘത്തെ നയിച്ച് സൽമാൻ ഖാന്റെ വരവ്.

മുഖ്യ വേദിയായ ബോളിവാർഡ് പ്ലസ് ഇൻറർനാഷനൽ അരീനയിൽ വെള്ളിയാഴ്ച വൈകീട്ട് 7.30 മുതലാണ് സംഗീതവും ഡാൻസും എല്ലാം കൂടിച്ചേരുന്ന വിസ്മയകരമായ ബോളിവുഡ് മെഗാ ഷോ നടക്കുന്നത്.

സൽമാൻ ഖാനും സഹതാരങ്ങളും ഉൾപ്പെടെ ബോളിവുഡിലെ 10 പ്രമുഖരും 150 ഓളം മറ്റ് കാലകാരന്മാരും അണിനിരക്കുന്ന ഡബാങ് ഷോ 3.15 മണിക്കൂർ നീണ്ടു നിൽക്കും. സൽമാൻ ഖാന്റെ സഹോദരൻ കൂടിയായ സുഹൈൽ ഖാനാണ് പരിപാടിയുടെ സംവിധായകൻ.

ബുധനാഴ്ച രാത്രിയോടെ റിയാദിലെത്തിയ സൽമാൻ ഖാനും സംഘവും മാധ്യമപ്രവർത്തകരുമായി സംവദിച്ചു. സാംസ്കാരിക, വിനോദ മേഖലയിൽ ഉൾപ്പെടെ സഊദിയിൽ അവിശ്വസനീയമായ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സൽമാൻ ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കൊണ്ടുവന്ന മാറ്റങ്ങളെല്ലാം അവിശ്വസനീയവും വിസ്മയാവഹവുമാണ്. പ്രശംസനീയമായ മാറ്റങ്ങൾ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് വളരെ ഉപകാരപ്രദമാവും.

ഇന്ത്യയും സഊദിയും തമ്മിൽ ചലച്ചിത്ര വ്യവസായം സംബന്ധിച്ച് കൂടുതൽ ഉഭയകക്ഷി കരാറുകളുണ്ടാവുമെന്ന പ്രതീക്ഷയുണ്ട്. ഭാവിയിൽ ഇന്ത്യൻ സിനിമകൾ സഊദിയിൽ ഷൂട്ട് ചെയ്യുമെന്നും അതിനുള്ള നല്ല ലൊക്കേഷനുകൾ സഊദിയിലുണ്ടെന്നും അക്കാര്യത്തിൽ വലിയ മുന്നേറ്റങ്ങളുണ്ടാവും എന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഊദി അറേബ്യയിൽ ആദ്യമായാണ് ഒരു ബോളിവുഡ് ഷോ അരങ്ങേറുന്നത്. അതിന്റെ ഒരു വലിയ ആവേശത്തിലാണ് താനെന്നും സൽമാൻ ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.