റിയാദ്: ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്ന് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ 14 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളില്‍ നിന്ന് വരുന്ന സഊദി പൗരന്മാര്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ പരിഷ്‌കരിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ നിന്ന് സഊദിയിലേക്ക് തിരിച്ചെത്തുന്ന പൗരന്മാര്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് അതോറിറ്റി അറിയിച്ചു.
ഇവിടങ്ങളിൽ നിന്നെത്തുന്ന പൗരന്മാര്‍ അഞ്ചാം ദിവസം പി.സി.ആര്‍ പരിശോധനയും നടത്തണം. ഇക്കാര്യം സഊദിയിൽ സർവ്വീസ് നടത്തുന്ന വിമാന കമ്പനികളെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്‌വെ, മൊസാംബിക്ക്, ലെസോത്തൊ, എസ്വാറ്റിനി, മലാവി, സാംബിയ, മഡഗസ്‌കര്‍, അംഗോള, മൗറീഷ്യസ്, കോമറോസ്, സീഷെല്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് പ്രവേശിക്കുന്നതും ഈ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളുമാണ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സഊദി അറേബ്യ താല്‍ക്കാലികമായി വിലക്കിയിരിക്കുന്നത്.



