മൂന്ന് മാസ ഇഖാമ; വർക്ക് പെർമിറ്റ്, ലെവി ഫീസുകൾ കണക്കാക്കുന്ന രീതി അറിയാം

0
4290

റിയാദ്: സഊദിയിലെ വിദേശ തൊഴിലാളികളുടെ താമസ രേഖയായ ഇഖാമ മൂന്ന് മാസം തോതിൽ ഒരു വർഷത്തേക്ക് ഘട്ടം ഘട്ടമായി പുതുക്കുമ്പോൾ അടക്കേണ്ട വിവിധ ഇനം ഫീസുകളെക്കുറിച്ച് സഊദി മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി. പുതിയ തീരുമാനപ്രകാരം വിദേശ തൊഴിലാളികളുടെ ഇഖാമ മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് എന്നിങ്ങനെ ഘട്ടം ഘട്ടമായി പുതുക്കാനുള്ള അവസരം മന്ത്രാലയം അടുത്തിടെയാണ് നടപ്പിലാക്കിയത്.

നിലവിൽ വിദേശ തൊഴിലാളികൾക്ക് മാസം 800 റിയാൽ എന്ന തോതിൽ ഒരു വർഷത്തേക്ക് 9,600 റിയാൽ ആണ് അടക്കേണ്ടത്. എന്നാൽ, സ്ഥാപനത്തിലെ വിദേശ തൊഴിലാളികളെക്കാൾ സഊദി തൊഴിലാളികൾ ഉണ്ടെങ്കിൽ പ്രതിമാസം 700 റിയാൽ വീതം ഒരു വർഷത്തേക്ക് 8,400 റിയാൽ ആണ് വിദേശ തൊഴിലാളികളുടെ ലെവി കണക്കാക്കുക. ഇതോടൊപ്പം, വർക്ക് പെർമിറ്റ് ഫീസ് ഒരു വർഷത്തേക്ക് ഒരു തൊഴിലാളിക്ക് 100 റിയാൽ വീതവും നൽകണം.

പുതിയ സംവിധാനപ്രകാരം വിദേശി തൊഴിലാളികളേക്കാൾ കുറവ് സഊദി തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങളിൽ ഒരു ഇഖാമ 3 മാസത്തേക്ക് പുതുക്കാൻ 2400 റിയാൽ ലെവിയും 25 റിയാൽ വർക്ക് പെർമിറ്റും 6 മാസത്തേക്ക് പുതുക്കുകയാണെങ്കിൽ 4800 റിയാൽ ലെവിയും 50 റിയാൽ വർക്ക് പെർമിറ്റും 9 മാസത്തേക്ക് പുതുക്കുകയാണെങ്കിൽ 7200 റിയാൽ ലെവിയും 75 റിയാൽ വർക്ക് പെർമിറ്റും ഒരു വർഷത്തേക്ക് പുതുക്കുകയാണെങ്കിൽ 9600 റിയാൽ ലെവിയും 100 റിയാൽ വർക് പെർമിറ്റ് ഫീസും അടച്ചിരിക്കണം.

ഇതേ പ്രകാരം തന്നെ വിദേശികളേക്കാൾ കൂടുതലാണ് സഊദി തൊഴിലാളികൾ സ്ഥാപനത്തിൽ ഉള്ളതെങ്കിൽ ഒരു വിദേശിയുടെ ഇഖാമ പുതുക്കാൻ മൂന്ന് മാസത്തേക്ക് 2,100 റിയാൽ ലെവിയും 25 റിയാൽ വർക്ക് പെർമിറ്റ് ഫീസുമാണ് അടക്കേണ്ടത്. 6 മാസത്തേക്കാണെങ്കിൽ 4200 റിയാൽ ലെവിയും 50 റിയാൽ വർക്ക് പെർമിറ്റും 9 മാസത്തേക്കാണെങ്കിൽ 6,300 റിയാൽ ലെവിയും 75 റിയാൽ വർക്ക് പെർമിറ്റും ഒരു വർഷത്തേക്ക് ഇഖാമ പുതുക്കാനാണെങ്കിൽ 8,400 റിയാൽ ലൈവിയും 100 റിയാൽ വർക്ക് പെർമിറ്റും അടക്കണം.

അതേ സമയം, വൈകിയ ഇഖാമകൾ പുതുക്കുന്ന സമയം നേരത്തെ അടക്കാനുള്ള ഫീസുകൾ മുഴുവൻ അടക്കേണ്ടി വരും. അത് തവണകളായി അടക്കാനുള്ള സംവിധാനമില്ല.

മൂന്ന് മാസം കാലയളവിൽ ഇഖാമ പുതുക്കാം, “അബ്ഷിർ” പ്ലാറ്റ്‌ഫോമിൽ നിരവധി ഇലക്ട്രോണിക് സേവനങ്ങൾ പ്രഖ്യാപിച്ചു