കൊറോണ ഒമിക്രോൺ: വിദേശത്തുനിന്ന് എത്തുന്നവർക്ക് ഒരാഴ്ച ക്വാറന്റീൻ, നിർദേശവുമായി സംസ്ഥാന സർക്കാർ

0
5039

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ (B.1.1.529) വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്നവർ 7 ദിവസം കർശനമായി ക്വാറന്റീനിൽ കഴിയണമെന്നു സംസ്ഥാന സർക്കാർ നിർദേശിച്ചു. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

ക്വാറന്റീനിൽ കഴിയുന്നവർ കൊവിഡ് പോസിറ്റീവ് ആയാൽ ജനിതക ശ്രേണീകരണത്തിനു സാംപിൾ അയയ്ക്കണമെന്ന കേന്ദ്ര നിർദേശവും സംസ്ഥാനത്തിനു ലഭിച്ചു. എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായും മന്ത്രി അറിയിച്ചു.

വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവരിൽ 5 വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും 72 മണിക്കൂർ മുൻപ് ആർടിപിസിആർ പരിശോധന നടത്തണമെന്നും എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം നൽകണമെന്നും കേന്ദ്ര നിർദേശമുണ്ട്. ഇവർ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വീണ്ടും ആർടിപിസിആർ പരിശോധന നടത്തണമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ക്വാറന്റീൻ തീരുമ്പോഴും ആർടിപിസിആർ പരിശോധന നടത്തണം. എല്ലാ എയര്‍പോര്‍ട്ടുകളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു. ചില രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ സംശയമുള്ള സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുന്നതാണ്.

അതേസമയം, ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. പുതിയ വകഭേദം കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വിദേശത്തുനിന്നു കൂടുതൽ പേർ എത്തുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്.

കേന്ദ്രസർക്കാർ തൽക്കാലം പൊതുമാർഗരേഖ നൽകിയിട്ടില്ലെങ്കിലും യുകെ, യൂറോപ്യൻ രാജ്യങ്ങൾ, ഇസ്രയേൽ, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക, ബോട്‍സ്വാന, ബ്രസീൽ, ബംഗ്ലദേശ്, ചൈന, മൊറീഷ്യസ്, ന്യൂസീലൻഡ്, സിംബാബ്‍വെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അധികസുരക്ഷ ഉറപ്പാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ഇവരെ സംസ്ഥാനത്തു കൃത്യമായി നിരീക്ഷിക്കും.

അതിനിടെ, ഇന്നലെ ബെംഗളൂരു വിമാനത്താവളത്തിലെത്തിയ 94 ആഫ്രിക്കൻ സ്വദേശികളിൽ 2 പേർ കൊവിഡ് പോസിറ്റീവ് ആണെന്നും ഇത് ഒമിക്രോൺ അല്ല, ഡെൽറ്റ വകഭേദമാണെന്നു സ്ഥിരീകരിച്ചെന്നും ഇവർക്ക് കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

യുഎഇ, ഒമാൻ, ബ്രസീൽ, കാനഡ എന്നിവ തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ വിലക്കി. യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ, സഊദി എന്നിവ നേരത്തേ വിലക്ക് പ്രഖ്യാപിച്ചിരുന്നു. 9 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു സ്വന്തം പൗരന്മാർക്കു മാത്രമാകും പ്രവേശനമെന്ന് ഓസ്ട്രേലിയ അറിയിച്ചു.