ഹരിപ്പാട്: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം ഉണ്ടാക്കില്ലെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കും. യുഡിഎഫ് ജയിച്ച ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും.
2021ൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തി കാട്ടിയിരുന്നില്ല. അതിൽ വിഷമം ഇല്ല. കുട്ടികളുടെ പരിപാടിയിൽ മുഖ്യമന്ത്രി ആകാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞത് അവരെ മോട്ടിവേറ്റ് ചെയ്യാനാണ്. കേരളത്തിലെ ജനങ്ങൾക്ക് തന്നെ വലിയ ഇഷ്ടം ആണെന്നും രമേശ് ചെന്നിത്തല ഹലോ വോട്ടറിനോട് പറഞ്ഞു.
അതേസമയം, കേരളത്തിൽ കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം എന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുള്ളത്. സീറ്റു തർക്കമുണ്ടാക്കിയ അനൈക്യത്തിൽ നേതൃത്വത്തിന് ആശങ്കയുണ്ട്. എംപിമാർ മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത് ഹൈക്കമാൻഡാണ്. പല എംപിമാർക്കും വിജയസാധ്യതയെന്ന റിപ്പോർട്ടുണ്ടായിരുന്നു.
സംസ്ഥാന നേതൃത്വവും എംപിമാർ മത്സരിക്കേണ്ട എന്ന റിപ്പോർട്ട് നൽകി. അത് മാറ്റാൻ സംസ്ഥാന നേതാക്കളും ശുപാർശ ചെയ്തില്ല. മത്സരിക്കണമെന്ന ആഗ്രഹം പല വട്ടം കെ സുധാകരൻ എഐസിസിയെ അറിയിച്ചു. ഒരാൾക്ക് മാത്രമായി ഇളവ് നൽകാൻ കഴിയില്ലെന്ന് നേതാക്കൾ അറിയിച്ചു. രാഹുൽ ഗാന്ധിയോടൊപ്പം കാണാമെന്ന് സുധാകരനെ ഖർഗെ അറിയിച്ചിട്ടുണ്ട്.
തരൂരിന്‍റെ വിമർശനം
ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകളെ തഴഞ്ഞതിൽ വിവാദം കടുക്കുകയാണ്. ഷമ മുഹമ്മദിന് പിന്നാലെ ശശി തരൂരും വനിതകളെ തഴഞ്ഞതിനെ വിമർശിച്ചു. വിജയസാധ്യത നോക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നവർ എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്ന് തരൂർ പറഞ്ഞു.
പ്രസ്താവന ഏറ്റുപിടിച്ച ബിജെപി കേരളത്തിലെ കോൺഗ്രസ് വോട്ടെടുപ്പിന് മുൻപേ തന്നെ ഛിന്ന ഭിന്നമായെന്ന് വിമർശിച്ചു. സീറ്റ് കിട്ടാത്തതിന് പിന്നാലെ കഴിവുള്ള സ്ത്രീകളെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിരന്തരം അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി വക്താവ് ഷമ മുഹമ്മദ് ഇന്നലെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷമയുടെ വാദങ്ങളോട് യോജിച്ച് ശശി തരൂരും രംഗത്തെത്തുന്നത്.
ജനസംഖ്യയിൽ പകുതിയും വനിതകളായിട്ടും 9.8 ശതമാനം മാത്രമേ വനിതാ സ്ഥാനാർത്ഥികൾ ഉള്ളൂവെന്നും, സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നവരുടെ കൂട്ടത്തിൽ താനില്ല, തീരുമാനം എടുക്കുന്നവർ എല്ലാ വസ്തുതകളും പരിശോധിക്കണമെന്നും നേതൃത്വത്തെ വിമർശിച്ച് ശശി തരൂർ പറയുന്നു. വനിതാ സംവരണം യാഥാർത്ഥ്യമാകുന്നതോടെ കഠിനാധ്വാനികളായ വനിതാ നേതാക്കൾക്ക് പരിഗണന കിട്ടുമെന്ന് കരുതുന്നതായും തരൂർ പറഞ്ഞു.
