കുവൈത്ത് സിറ്റി: കൊവിഡ് സാഹചര്യം മെച്ചപ്പെട്ട് വിസ അനുവദിച്ചുതുടങ്ങിയതോടെ വിസ കച്ചവടക്കാരും തലപൊക്കിയതായി റിപ്പോർട്ടുകൾ. കർശന നടപടികളും കൊവിഡ് പ്രതിസന്ധിയും കാരണം നിലച്ചിരുന്ന വിസ കച്ചവടമാണ് ഇപ്പോൾ വീണ്ടും സജീവമാകുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച പരസ്യങ്ങൾ സജീവമായിട്ടുണ്ട്. മാറ്റാൻ കഴിയാത്ത ഒരുമാസത്തെ വിസക്ക് 400 ദീനാറും മാറ്റാൻ കഴിയുന്നതിന് 1000 ദീനാറാണ് ഈടാക്കുന്നത്.
ഫ്രീ വിസ എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേക ജോലിക്ക് അല്ലാത്ത തൊഴിൽവിസക്ക് 1500 മുതൽ 1700 ദീനാർ വരെയാണ് നിരക്ക്. പണം വാങ്ങി വിസ നൽകി തൊഴിൽവിപണിയിലേക്ക് ഇറക്കിവിടുകയാണ് ഇത്തരം സംഭവങ്ങളിൽ ചെയ്യുന്നത്.
വിസ മാറ്റത്തിന് 600 മുതൽ 700 ദീനാർ വരെയാണ് ഈടാക്കുന്നത്. ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നാണ് വിസ കച്ചവടക്കാർ പ്രധാനമായും റിക്രൂട്ട്മെൻറിന് ശ്രമിക്കുന്നത്.
വിസകച്ചവടത്തിനായി മാത്രം പ്രവർത്തിക്കുന്ന കമ്പനികളെ കണ്ടെത്താൻ മാനശേഷിവകുപ്പ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. പരിശോധകർ എത്തുമ്പോൾ പല ഊഹക്കമ്പനികളുടെയും ഓഫിസുകൾ ഒഴിഞ്ഞുകിടക്കുകയാണ്. വാണിജ്യപരമോ ഉൽപാദനപരമോ ആയ ഒരു ഇടപാടും നടത്താതെ വിസ കച്ചവടത്തിനു മാത്രമാണ് ഇത്തരം ഓഫിസുകൾ പ്രവർത്തിക്കുന്നതെന്നും വ്യക്തമായ മനുഷ്യക്കടത്താണ് കമ്പനി ഉടമകൾ നടത്തിയിരുന്നതെന്നും മാൻപവർ അതോറിറ്റി വ്യക്തമാക്കുന്നു.
വ്യാജകമ്പനികൾക്കു കീഴിലെത്തിയ മുഴുവൻ തൊഴിലാളികളും മറ്റു പലയിടങ്ങളിലുമായി തൊഴിലെടുക്കുകയാണ്.




