മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സോളാർ പാനൽ നിർമ്മാണ കേന്ദ്രം സഊദിയിലെ തബൂക്കിൽ തുറന്നു

0
1312

റിയാദ്: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ സോളാർ പാനൽ ഉൽപ്പാദന പ്ലാന്റ് തബൂക്ക് മേഖലയിലെ വ്യാവസായിക നഗരത്തിൽ തുറന്നു. ഉൽപ്പാദനത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യവസായ, ധാതു വിഭവശേഷി മന്ത്രി എഞ്ചിനീയർ ഒസാമ അൽ-സമിൽ ആണ് ഉദ്ഘാടനം ചെയ്തത്. പുനരുപയോഗ ഊർജ്ജം വ്യാപകമാക്കുകയും ഗ്രീൻ എനർജി പരമാവധി നേടുകയുമെന്ന ലക്ഷ്യത്തോടെയാണ് സോളാർ എനർജി വ്യാപകമാക്കുന്നത്.

27 ആയിരം ചതുരശ്ര മീറ്ററിൽ അധികമാണ് ഫാക്ടറിയുടെ ആകെ വിസ്തീർണ്ണം. 1.2 ജിഗാവാട്ട് ഉൽപാദന ശേഷിയുള്ള പ്ലാന്റിന് 700 ദശലക്ഷം റിയാലാണ് നിക്ഷേപം. യന്ത്രങ്ങളെ ആശ്രയിക്കുകയും ഈ മേഖലയിൽ ഏറ്റവും പുതിയ അന്തർദേശീയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും ചെയ്യുന്ന ഉൽപ്പാദന സംവിധാനങ്ങളുള്ള, രാജ്യത്തെ ഓട്ടോമേഷൻ മേഖലയിലെ നൂതന ഫാക്ടറികളിൽ ഒന്നാണിത്.

പുനരുൽപ്പാദിപ്പിക്കാവുന്നതും സുസ്ഥിരവുമായ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും വ്യവസായ നിക്ഷേപകർ പ്രതിനിധീകരിക്കുന്ന സ്വകാര്യ മേഖലകളുമായും സംയോജനം സാധ്യമാക്കുന്നതിനൊപ്പം സൗരോർജ്ജത്തിൽ നിക്ഷേപം സജീവമാക്കാനും ഊർജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുമാണ് പ്ലാന്റ് ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന വേളയിൽ ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.