റിയാദ്: സഊദിയിൽ യുവതിയെയും കുഞ്ഞിനെയും ആക്രമിച്ച് തീകൊളുത്താനായി ഇന്ധനം ഒഴിച്ച് ഭീതി പരത്തിയ വിദേശിയെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. അൽ ഖസിമിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ച യെമൻ പൗരനെ അറസ്റ്റ് ചെയ്തത്. യുവതിയുമായി യുവാവിനുണ്ടായ മുൻ തർക്കത്തിന്റെ ഫലമായാണ് ആക്രമണം നടന്നതെന്ന് സൂചിപ്പിക്കുന്നതായി പോലീസ് മാധ്യമ വക്താവ് കൂട്ടിച്ചേർത്തു.
യുവതിക്കും അവരുടെ കുട്ടിക്കും നേരെ ആക്രമണം നടത്തുകയും തീകൊളുത്തുന്ന വസ്തു ഒഴിക്കുകയും ചെയ്ത കുറ്റവാളിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സുരക്ഷാ അധികാരികൾക്ക് കഴിഞ്ഞതായി ഖസിം മേഖല പോലീസ് മാധ്യമ വക്താവ് പറഞ്ഞു.
കുറ്റവാളി യെമൻ പൗരനാണെന്നും അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ചുവെന്നുമാണ് പ്രാഥമിക നിഗമനത്തിലെ നടപടിക്രമങ്ങൾ സൂചിപ്പിക്കുന്നത്. കുറ്റവാളിയെ അറസ്റ്റ് ചെയ്തതായും അദ്ദേഹത്തിനെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷൻ ബ്രാഞ്ചിലേക്ക് കൈമാറിയിട്ടുണ്ട്.




