കേരളത്തിന്റെ മതസൗഹാർദവും സഹവർത്തിത്വവുംകാത്തുസൂക്ഷിക്കാൻ മുന്നിട്ടിറങ്ങണം: പ്രവാസി സാംസ്കാരിക വേദി

0
560

ജിദ്ദ: കേരളം ഇതുവരെ കാത്തുസൂക്ഷിച്ച സാഹോദര്യത്തിന്റേയും സഹവർത്തിത്തത്തിന്റേയും പരസ്പര വിശ്വാസത്തിന്റേയും അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ട സന്ദർഭമാണിതെന്ന് പ്രവാസി സംസ്‌കാരിക വേദി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉമർഫാറൂഖ് പാലോട് പറഞ്ഞു. മഹ്ത്മാ അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും ശ്രീനാരായണ ഗുരുവും വക്കം അബ്ദുൽഖാദർ മൗലവിയുമൊക്കെ കേരളത്തിന് സമർപ്പിച്ച സമത്വത്തിന്റേയും സമഭാവനയുടേയും സാമൂഹികാന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് വിവിധ കോണുകളിൽനിന്ന് ഉയർന്നുവരുന്നത്. വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക കാമ്പയിനോടനുബന്ധിച്ച് പ്രവാസി സംസ്‌കാരിക വേദി ജിദ്ദ ഫൈസലിയ്യ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ സമുദായങ്ങളിൽ നിലനിൽക്കുന്ന കരുത്തുറ്റ സൗഹൃദം ഇല്ലാതാക്കുക എന്ന സംഘ്പരിവാർ ലക്ഷ്യമാണ് സി.പി.എം പ്രയോഗവൽക്കരിക്കുന്നത്. കൃത്യമായ തെളിവുകളോ രേഖകളോ ഇല്ലാത്ത പ്രസ്താവനകളും വിലയിരുത്തലുകളും കൊണ്ട് സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്ന സാഹചര്യത്തിലേക്ക് കേരളം നീങ്ങിയിരിക്കുന്നു.
രാജ്യത്ത് മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച കോൺഗ്രസ് ഇപ്പോൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് സി.പി.എം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നതുവഴി താൽക്കാലിക നേട്ടത്തിനായി സി.പി.എമ്മിനൊപ്പം ചേരുന്നവർ പിന്നീട് തീവ്രഹിന്ദുത്വത്തിലേക്ക് വേഗത്തിൽ എത്തിപ്പെടുമെന്നും ഇത് കേരളത്തിന്റെ ഭാവിയെത്തന്നെ അപകടകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൗജിഹാദ്, ഉദ്യോഗസ്ഥ ഭരണ ആനുകൂല്യങ്ങൾ മുസ്‌ലിങ്ങൾ അനർഹമായി തട്ടിയെടുക്കുന്നു, മുസ്ലിം ജനസംഖ്യ ഉയരുന്നു, കേരളം മുസ്‌ലിം തീവ്രവാദത്തിന്റെ കേന്ദ്രമായി മാറുന്നു, മയക്കുമരുന്ന് ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നു അവസാനമായി വന്ന മാർക്ക് ജിഹാദ് തുടങ്ങിയ സംഘ്പരിവാർ കാംപയിനുകൾ ഏറ്റുപിടിക്കുന്ന സ്ഥിതി സർക്കാർ നിസ്സംഗമായി നോക്കിനിൽക്കുകയാണ്. ഇതിൽ പലതും സി.പി.എം നേതാക്കളിൽ നിന്നും കേരളം കേട്ടിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിം മത നേതൃത്വങ്ങളും സംഘടനകളും പക്വതയോടെയും സമചിത്തതയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്ത് സമാധാനന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുമ്പോഴാണ് സർക്കാർ വിദ്വേഷ പ്രചാരകരുടെ പക്ഷം ചേർന്ന് നീതികേട് കാണിക്കുന്നത്.

പ്രവാസി മേഖലാ പ്രസിഡന്റ് ദാവൂദ് രാമപുരം അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. ഹസീബ് റഹ്മാൻ ഗാനം ആലപിച്ചു. മേഖലാ സെക്രട്ടറി അബ്ദുസ്സുബ്ഹാൻ സ്വാഗതവും സെൻട്രൽ കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പർ യൂസുഫ് പരപ്പൻ സമാപനവും നന്ദിയും പറഞ്ഞു.