റിയാദ്: സഊദിയുടെ പടിഞ്ഞാറൻ മേഖലയിൽ കനത്ത മഴയിൽ നാശനഷ്ടവും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ ഇടിയോടെയാണ് മഴ തിമിർത്തടിയത്. ശനിയാഴ്ച മുതൽ മേഖലയിൽ മഴ ആരംഭിച്ചിരുന്നു. ഞായറാഴ്ചയും ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു. ജിദ്ദയിൽ രണ്ടു വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴക്കാണ് ജിദ്ദ സാക്ഷ്യംവഹിച്ചത്. താഴ്ന്ന പ്രദേശങ്ങളിലും പല റോഡുകളിലും വെള്ളം കയറി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി.

കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. കാറ്റിനെ തുടർന്ന് പലയിടങ്ങളും മരങ്ങൾ കടപ്പുഴകി വീഴുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സഊദിയുടെ പടിഞ്ഞാറെ മേഖലകളിൽ കാലാവസ്ഥ വ്യതിയാനം തുടരുകയാണ്. മക്ക, തബൂക്ക് മേഖലകളുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടായി. അടുത്ത ചൊവ്വാഴ്ച വരെ പല മേഖലകളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിെൻറ അറിയിപ്പ്.

മേഖലയിലെ കാലാവസ്ഥാ ചൂടിൽനിന്ന് പതിയെ തണുപ്പിലേക്ക് മാറുന്നതിന്റെ തുടക്കം അറിയിച്ചാണ് വിവിധ ഭാഗങ്ങളിൽ നേരിയതും മിതവുമായ മഴ പെയ്തത്. പല ഭാഗങ്ങളിലും ഇടി മിന്നലോടു കൂടിയ പേമാരി പെയ്തപ്പോൾ ഒറ്റപ്പെട്ട ചില പ്രദേശങ്ങളിൽ കനത്തമഴയും പൊടിക്കാറ്റും പ്രകടമായിരുന്നു.

അതേസമയം, റിയാദിന്റെ വടക്ക്, കിഴക്കൻ മേഖലകൾ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. മക്ക മേഖലയുടെ ചില ഭാഗങ്ങളിൽ, ജിദ്ദ, റിയാദ്, തായിഫ്, ഹായിൽ, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, അൽ-ഖസിം എന്നിവിടങ്ങളിൽ ഈ സാഹചര്യം കാണുമെന്ന് കേന്ദ്രം സൂചിപ്പിച്ചു.

ഫീൽഡ് സർവീസസ് ആൻഡ് അഫയേഴ്‌സ് ആൻഡ് അച്ചീവ്‌മെന്റ് ഓഫ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ, ഹറമിലേക്കുള്ള തീർഥാടകരുടെ സുരക്ഷ സംരക്ഷിക്കായി 4,000-ലധികം സ്ത്രീ-പുരുഷ തൊഴിലാളികളുടെ പങ്കാളിത്തത്തോടെ മഴയുടെ പ്രത്യാഘാതങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.




