മാറ്റത്തിനൊരുങ്ങി ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി

ജിദ്ദ: ‘പരിണമിക്കുന്ന ലോകം, പരിവർത്തനപ്പെടേണ്ട പ്രവാസി’ എന്ന പ്രമേയത്തിൽ ജിദ്ദ – മലപ്പുറം ജില്ലാ കെ എം സി സി സംഘടിപ്പിക്കുന്ന ദ്വിതല ത്രൈമാസ പ്രവർത്തക പരിശീലന ക്യാമ്പിന് ശറഫിയ്യ ഇമ്പാല ഗാർഡനിൽ വർണാഭമായ തുടക്കം.

കെ.എം.സി.സി പ്രവർത്തന രംഗത്ത് നവ ചൈതന്യം കൊണ്ട് വരുന്നതിനായി നവംബർ മുതൽ ജനുവരി വരെയുള്ള മൂന്ന് മാസങ്ങളിലായി നടത്തപ്പെടുന്ന മണ്ഡലം, പഞ്ചായത്ത് തല ക്യാമ്പിൻ്റെ ഔപചാരിക ഉൽഘാടനം ജിദ്ദ സെൻട്രൽ കെ എം സി സി പ്രസിഡൻ്റ് അഹ്‌മദ് പാളയാട്ട് നിർവഹിച്ചു. കോവിഡ് ലോക് ഡൗൺ കാലത്ത് കെഎംസിസി പ്രവർത്തകർ പരമാവധി സഹായം എത്തിച്ചു നൽകി പ്രവാസികളെ ചേർത്ത് പിടിച്ചതായും, സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ സൗജന്യ വാക്‌സിൻ നൽകി കോവിഡിനെ പിടിച്ചു കെട്ടാൻ ശക്തമായ നടപടികൾ സ്വീകരിച്ച സഊദി സർക്കാരിനെ കെ എം സി സി അഭിനന്ദിക്കുന്നതായും പാളയാട്ട് പറഞ്ഞു. മലപ്പുറം ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡൻ്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു.

അടുക്കും ചിട്ടയും ഉള്ള പ്രവർത്തനങ്ങൾ നടത്താൻ പരിശീലനം ആവശ്യമാണെന്നും സ്വർഗം ലഭിക്കാൻ ഉതകുന്ന രൂപത്തിൽ നല്ല ഉദ്ദ്യേശത്തോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിക്കണമെന്നും ക്യാമ്പിന് പതാക ഉയർത്തിയ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അംഗങ്ങളെ ഉണർത്തി.

കോളേജ് ഓഫ് എമർജൻസി മെഡിക്കൽ സയൻസ് അസിസ്റ്റൻ്റ് പ്രൊഫസറും ഇൻസ്പിരേഷണൽ സ്പീക്കറും ലൈഫ് കോച്ചുമായ ഡോ. അബ്ദുസ്സലാം ഉമറിൻ്റെ മോട്ടിവേഷണൽ ക്ലാസ്സോടെയാണ് രണ്ടാം സെഷന് തുടക്കമായത്. വ്യക്തിപരവും, സാമൂഹികവും, സംഘടനാപരവുമായ കാര്യങ്ങളിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ച് സംസാരിച്ച അദ്ദേഹം, സാമ്പത്തിക ഭദ്രത നേടി പ്രവാസ ജീവിതം എങ്ങനെ സന്തോഷകരമാക്കാമെന്നും അതിനു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ എന്തൊക്കെയെന്നും ക്യാമ്പ് അംഗങ്ങൾക്ക് പകർന്നു നൽകി.

തുടർന്ന് നടന്ന സെഷനിൽ മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ പ്രമേയം അവതരിപ്പിച്ചു. കെഎംസിസി യുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കാവശ്യമായ സ്ട്രാറ്റജിക്കൽ വർക്കിങ് പ്ലാൻ, സാമൂഹ്യ മുന്നേറ്റത്തിന് ഉതകുന്ന പ്രവർത്തന പദ്ധതികൾ, പ്രവർത്തകരുടെ മാനവ വിഭവ ശേഷി പരിപോഷിപ്പിക്കുന്നതിൻറെ പ്രയോഗികവൽക്കരണം തുടങ്ങിയവയിലൂന്നിയ പ്രമേയത്തെ ആസ്‌പദമാക്കി ക്യാമ്പ് അംഗങ്ങൾ പ്രവർത്തന രംഗത്ത് നടപ്പാക്കേണ്ട നൂതന ആശയങ്ങൾ വേദിയിൽ അവതരിപ്പിച്ചു. നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം നാസർ വെളിയങ്കോട്, ജില്ലാ സെക്രട്ടറി ജലാൽ തേഞ്ഞിപ്പലം എന്നിവർ സെഷൻ നിയന്ത്രിച്ചു.

ജില്ലാ കെ.എം.സി.സി ഉപഘടകം ‘ഫിറ്റ്’ ജിദ്ദയുടെ വളണ്ടിയർ സേവനം ചടങ്ങിന് മാറ്റ് കൂട്ടി. ക്യാമ്പ് അംഗങ്ങളിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിശോധിച്ച് പുതിയൊരു ചരിത്ര കാലഘട്ടത്തിലേക്ക് കാലെടുത്തു വെക്കാൻ ജില്ലാ കെ.എം.സി.സി പ്രതിജ്ഞ ബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇല്യാസ് കല്ലിങ്ങൽ, സാബിൽ മമ്പാട്, അബ്ബാസ് വേങ്ങൂർ, നാസർ കാടാമ്പുഴ തുടങ്ങിയവർ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി അശ്റഫ് വി.പി സ്വാഗതവും ജംഷീർ കെ.വി ഖിറാഅത്തും നടത്തി.