റിയാദ്: സഊദിയിൽ കടകളിലും മറ്റും കമ്പ്യൂട്ടർ ബില്ലുകൾ മാത്രമാകുന്നതിന് ഇനി ഒരു മാസം സമയം മാത്രം. നിലവിലെ കയ്യെഴുത്ത് ബില്ലുകൾ പൂർണ്ണമായും ഒഴിവാക്കിയാണ് നികുതി വെട്ടിപ്പുകാരെ നിയന്ത്രിക്കാനായി ഇൻവോയ്‌സ് പരിഷ്‌കാരം പ്രാബല്യത്തിലാക്കുന്നത്. സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റിയാണ് ഇലക്ട്രോണിക് ബില്ലിംഗ് നടപ്പാക്കുന്നത്. ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനത്തിൽ ഉൾപ്പെടുന്നവർ ഈ വരുന്ന ഡിസംബർ നാലോട് കൂടി ഒന്നാം ഘട്ട സൗകര്യങ്ങൾ തയ്യാറാക്കണമെന്നാണു അതോറിറ്റിയുടെ മുന്നറിയിപ്പ്.
കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സോഫ്റ്റ്‌വെയർ വഴി പ്രത്യേകം തയാറാക്കിയ കമ്പ്യൂട്ടർ ബില്ലുകളാണ് നൽകേണ്ടതെന്നും നികുതിദായകരെല്ലാം ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് നടപ്പാക്കണമെന്നും സക്കാത്ത്, ടാക്‌സ് ആൻ കസ്റ്റംസ് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ ബില്ലുകൾ കമ്പ്യുട്ടറിൽ കയറ്റുക എന്നതാണ് പ്രധാനം. ക്യുആർ കോഡ് നൽകിയാണ് ഇലക്ട്രോണിക് ഇൻവോയ്‌സ് തയാറാക്കേണ്ടത്. ക്യുആർ കോഡിൽ വിൽപനക്കാരന്റെ പേര്, വാറ്റ് (മൂലവർധിത നികുതി) നമ്പർ, തിയ്യതി, സമയം, വാറ്റ് എത്ര, മൊത്തം സംഖ്യ എന്നിവ ചേർത്തിരിക്കണം. കച്ചവടക്കാർ തമ്മിൽ (ബി2ബി) നൽകുന്ന ഇൻവോയ്‌സിൽ വാങ്ങുന്നയാളിന്റെ സ്ഥാപനത്തിന്റെ വാറ്റ് നമ്പർ നിർബന്ധമാണെങ്കിലും ക്യു.ആർ കോഡ് നിർബന്ധമില്ല.
എന്നാൽ കടക്കാർ ഉപഭോക്താക്കൾക്ക് (ബി2സി) നൽകുന്ന ബില്ലിൽ ക്യുആർ കോഡ് നിർബന്ധവുമാണ്. ഡിസംബർ നാലിന് മുമ്പേ തന്നെ ഇവ പരിശോധിച്ചുറപ്പുവരുത്തണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ബിൽ വിവരങ്ങളും കമ്പ്യൂട്ടറിൽ സൂക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കണമെന്നും ഇൻവോയ്‌സിൽ കൃത്രിമം ചെയ്യൽ, ഒരു ഇൻവോയ്‌സിന് ഒന്നിലധികം സീരിയൽ നമ്പർ നൽകൽ എന്നിവ അനുവദിക്കില്ലെന്നും മുന്നറിയിപ്പുണ്ട്.
ഡിസംബർ നാലിന് ശേഷം ഇലക്ട്രോണിക് ബില്ലുകളാണ് നൽകേണ്ടതെങ്കിലും ഓരോ ബില്ലും ഇഷ്യു ചെയ്യാൻ സക്കാത്ത് ആന്റ് ടാക്‌സ് വിഭാഗത്തിന്റെ അനുമതി ആവശ്യമില്ല. എന്നാൽ 2023 ജനുവരി ഒന്നിന് നടപ്പാക്കുന്ന രണ്ടാം ഘട്ടത്തിൽ ഇത് നിർബന്ധമാണ്.




