മാറാക്കര ഗ്ലോബൽ കെഎംസിസി റബീഅ് സംഗമം നടത്തി

ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസി റിലീജിയസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റബീഅ് സംഗമം “മുഹമ്മദ് റസൂലുല്ലാഹ് (സ): അണമുറിയാത്ത വസന്തം” വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ കൊണ്ടും പ്രവാചക പ്രകീർത്തന ഗാനങ്ങൾ കൊണ്ടും ശ്രദ്ധേയമായി. ഇന്ത്യൻ സമയം വൈകുന്നേരം 6 .30 നു ഓൺലൈൻ വഴി സംഘടിപ്പിച്ച പരിപാടി മാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി ഉദ്‌ഘാടനം ചെയ്തു. വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു പ്രവാസികൾക്കിടയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. റിലീജിയസ് വിങ് ചെയർമാൻ ഷൗക്കത്തലി കരേക്കാട് അധ്യക്ഷത വഹിച്ചു.

യുവ പണ്ഡിതനും പ്രഭാഷകനുമായ ജാബിർ ഹുദവി തൃക്കരിപ്പൂർ മുഖ്യ പ്രഭാഷണം നടത്തി. പ്രവാചക സ്നേഹം ഏതൊരു വിശ്വസിക്കും ഉണ്ടാവേണ്ടതാണെന്നും സ്വന്തം ശരീരത്തെക്കാൾ പ്രവാചകനെ സ്നേഹിക്കാതെ വിശ്വാസം പൂർണ്ണമാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകന്റെ അപദാനങ്ങൾ പാടുന്നതും പറയുന്നതും പുണ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുയായികൾ മാത്രമല്ല, വിമർശിക്കുന്നവരും പ്രവാചകന്റെ ജീവിത വിശുദ്ധിയേയും സ്വഭാവ ഗുണങ്ങളെയും അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ടി.എം ബഷീർ കുഞ്ഞു, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ, റിലീജിയസ് വിങ് അംഗം മജീദ് ഹുദവി തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു. മുഹമ്മദ് റബാഹ് കിളിനക്കോട് , ഷിസ ഫാത്തിമ വട്ടപ്പറമ്പ്, ഫിറോസ് നിലമ്പൂർ, അംജദ് സഫീർ ആമയൂർ, ഹാഫിസ് ഉമറുൽ ഫാറൂഖ് മലയമ്മ തുടങ്ങിയവർ മദ്ഹ് ഗാനങ്ങൾ ആലപിച്ചു.

അഷ്‌ക്കർ മുസ്‌ലിയാർ പ്രാർത്ഥന നടത്തി. ഗ്ലോബൽ കെഎംസിസി റിലീജിയസ് വിങ് കൺവീനർ പി. അലവിക്കുട്ടി മുസ്‌ലിയാർ സ്വാഗതവും മുഹമ്മദലി ആയപ്പള്ളി നന്ദിയും പറഞ്ഞു. സിദ്ധീഖ് രണ്ടത്താണി, മുഹമ്മദ് ഷാഫി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.