പ്രതിസന്ധിക്കിടയിലും സഊദി പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കലിൽ വർദ്ധനവ്

0
2081

റിയാദ്: സഊദിയിൽ നിന്നും വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ വർധനവ്. ഈ വർഷത്തെ ആദ്യ 9 മാസങ്ങളിൽ വിദേശികൾ നാട്ടിലേക്കയച്ച തുക 116.3 ബില്യൺ റിയാലായി ഉയർന്നു. 2020 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6 ശതമാനമാണ് വർദ്ധനവ്. സഊദി സെൻട്രൽ ബാങ്കായ “സാമ”യിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2020 സെപ്റ്റംബറിനെ അപേക്ഷിച്ച് 2021 സെപ്തംബർ മാസത്തിൽ വിദേശികളുടെ പണമയയ്ക്കൽ 1 ശതമാനം വർധിച്ചു 13.35 ബില്യൺ റിയാലിലെത്തി.

അതേസമയം, 2021 ഓഗസ്റ്റിനെ അപേക്ഷിച്ച്, 2021 സെപ്റ്റംബറിൽ വിദേശ പണമയയ്‌ക്കലിൽ 3 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതായത് ഏകദേശം 388 ദശലക്ഷം റിയാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

എന്നാൽ, 2021 ലെ ആദ്യ 9 മാസങ്ങളിൽ സഊദി പൗരന്മാർ വിദേശങ്ങളിലേക്കയച്ച പണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2020 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 36 ശതമാനം വർദ്ധനവ് ഉണ്ടായതിലൂടെ പണമടയ്ക്കൽ ഏകദേശം 47 ബില്യൺ റിയാലാണെന്നും കണക്കുകൾ പറയുന്നു. 2020 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം സെപ്റ്റംബറിൽ സഊദി പൗരന്മാർ വിദേശത്തേക്കയച്ച പണത്തിൽ 44 ശതമാനം വർദ്ധിച്ച് 5.79 ബില്യൺ റിയാലിലെത്തി.