ജിദ്ദ: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ആസാദി കാ അമൃത് മഹോത്സാവിന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജിയണൽ കമ്മിറ്റി ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചു സംഘടിപ്പിച്ച “ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ” ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ രുചി വിഭവങ്ങളും ഇന്ത്യൻ സാംസ്‌കാരിക പൈതൃകങ്ങളുടെ നേർക്കാഴ്ചയുമൊരുക്കി ശ്രദ്ധേയമായി.
പ്രദർശനം സംഘടിപ്പിച്ച കോൺസുലേറ്റ് ഓഫീസ് കവാടത്തിന്റെ ദൃശ്യം തന്നെ അതിഗംഭീരമായി. ഡൽഹിയിലെ ചെങ്കോട്ടയുടെ മാതൃകയിൽ രൂപകൽപ്പന ചെയ്ത പ്രവേശന കവാടം കരവിരുതിന്റെ കഴിവ് തെളിയിക്കുന്നതായിരുന്നു.
വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക വൈവിധ്യങ്ങൾ വിളിച്ചോതുന്ന തരത്തിൽ രൂപകല്പ്ന ചെയ്ത ഭക്ഷണ സ്റ്റാളുകളും രുചിക്കൂട്ടുകളുടെ മാറ്റ് വർദ്ധിപ്പിച്ചു.
വിവിധ സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും വൈവിധ്യമാർന്ന ആഘോഷങ്ങളുടെയും ആഹാരങ്ങളുടെയും കലവറയായ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസലോകത്ത് ജീവിതം കഴിച്ചുകൂട്ടുന്ന ആളുകൾക്ക് പലതരം വിഭവങ്ങളുടെ രുചിയറിയാനും അതിലൂടെ സൗഹൃദവും സന്തോഷവും പങ്കിടാനുമാണ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങളുടെ നേർക്കാഴ്ചയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രുചി വൈഭങ്ങളുടെ പ്രദർശനവും ഡിസ്സേർട്ട് കോണ്ടെസ്റ്റ് എന്നപേരിൽ നടത്തിയ വനിതകൾക്കായുള്ള മത്സരവും ഫുഡ് ഫെസ്റ്റിവലിന്റെ ആകർഷകമായ ഇനങ്ങളായിരുന്നു. .
ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രുചിവൈവിധ്യങ്ങൾ നിറപ്പകിട്ടോടെയുംസാംസ്കാരികത്തനിമയോടെയും പ്രദർശിപ്പിക്കാനും കൊതിയൂറുന്നതും പുതുമയാർന്നതുമായ വിഭവങ്ങൾ രുചിക്കാനുമുള്ള അവസരമൊരുക്കിയ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികളെയും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. വർഷങ്ങളായി ഹജ്ജ് സേവന രംഗത്ത് കോൺസുലേറ്റുമായി സഹകരിച്ച് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഫ്രറ്റേണിറ്റി ഫോറം “ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ” എന്ന ഒരുമയുടെ ഉത്സവമായ ഈ പരിപാടിയിലൂടെ ആസാദി കാ അമൃത് മഹോത്സാൽവിന്റെ ഭാഗമായതിൽ വളരെയേറെ സന്തോഷിക്കുന്നതായും കോൺസുൽ ജനറൽ പറഞ്ഞു.
ഡെപ്യൂട്ടി കോൺസുൽ ജനറൽ വൈ.സാബിർ, ഹംന മറിയം (കോൺസൽ കോമേഴ്‌സ് & എച്ച്.ഒ.സി), വൈസ് കോൺസുൽ മാലതി ഗുപ്‌ത (അഡ്മിൻ, പ്രോപ്പർട്ടി & എഡ്യൂക്കേഷൻ), ഹങ്ങ് സിംഗ് (കോൺസൽ എക്കണോമിക്സ്), മക്ക മറക്കിസുൽ അഹ് യാ ഹജ്ജ് ട്രെയിനർ മുഹമ്മദ് സിദ്ധീഖി, ഷഫീർ കൗസർ തുടങ്ങിയവർ ആശംസകൾ നേർന്നു.
ഇന്ത്യൻ ഭക്ഷണ രീതികൾ മുഖ്യവിഷയമായി നടത്തിയ തത്സമയ ഗെയിം ചാറ്റിൽ സന്ദർശകരുടെ മുഴുവൻ പങ്കാളിത്തവുമുണ്ടായി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹിക സാംസ്കാരിക വ്യവസായ മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധി ച്ചു.
വനിതകൾക്കായി സംഘടിപ്പിച്ച ഡിസ്സേർട്ട് കോണ്ടെസ്റ്റിൽ ബാസിമ മുഹ്തിഷാം (കർണ്ണാടക) ഒന്നാം സ്ഥാനത്തിന് അർഹയായി. അനാം റൈഹാൻ കൊബാറ്റെ (ഭട്കൽ), മുംതസ ഉബൈദുല്ലാഹ് അസ്കരി (ഭട്കൽ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കോൺസുൽ ജനറലിന്റെ പത്നി ഡോ. ഷക്കീല വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
അൽ അബീർ ഗ്രൂപ്പ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ്, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി. മുഹമ്മദലി, അബ്ദുൽ റഹ്‌മാൻ (ഷിഫ ജിദ്ദ പൊളി ക്ലിനിക്), മുഹമ്മദ് ഷമീം കൗസർ, ഇഖ്ബാൽ മിർസ, ഡോ. അഷ്‌ഫാഖ് മണിയാർ, മിക്സ് അക്കാഡമി ചെയർമാൻ അബ്ദുൽ ഗനി, അസീസുൽ റബ്ബ്, മുഹമ്മദ് അസ്‌ലം ഖാസി എന്നിവരെ ചടങ്ങിൽ കമ്മ്യൂണിറ്റി സർവീസ് അവാർഡ് നൽകി ആദരിച്ചു. മാസങ്ങൾക്കു മുമ്പ് ജിദ്ദയിൽ മരണപ്പെട്ട ഐ.പി. ഡബ്ല്യൂ ,എഫ്. മുൻ പ്രസിഡണ്ട് അബ്ദുൽ ഖാദർ ഖാനുള്ള ലൈഫ് ടൈം അച്ചീവ്‍മെന്റ് അവാർഡ് അദ്ദേഹത്തിന്റെ മരുമകൻ ആബിദ് സിദ്ദീഖി ചടങ്ങിൽ ഏറ്റു വാങ്ങി.
മാസ്റ്റർ.സിബ്‌ഗത്തുല്ലയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ ഫ്രറ്റേണിറ്റി ഫോറം തമിഴ്നാട് സ്റ്റേറ്റ് സെക്രട്ടറി അമീർ സുൽത്താൻ സ്വാഗതം പറഞ്ഞു. റീജിണൽ പ്രസിഡന്റ് ഫയാസുദ്ദീൻ ചെന്നൈ അധ്യക്ഷത വഹിച്ചു. അസീം ഷീസാൻ പരിപാടികളുടെ അവതാരകനായിരുന്നു. ഫ്രറ്റേണിറ്റി ഫോറം ജിദ്ദ നോർത്തേൺ സ്റ്റേറ്റ്സ് പ്രസിഡന്റ് സെയ്ദ് അലി കൊൽക്കത്ത നന്ദിയും പറഞ്ഞു.
യൂനിലിവർ, ലുലു ഗ്രൂപ്പ്, ഈസ്റ്റേൺ ഗ്രൂപ്പ്, ഗ്രീൻ ലാന്റ് ഹോട്ടൽ, ബിരിയാണി ഗേറ്റ്, ബാഫ്‌കോ, പെട്രോണസ്, ഹിമാലയ, പ്രീമിയർ, ഷൂഫിയാസ് കുക്ക് ഹൗസ് എന്നീ കമ്പനികളുടെയും സ്ഥാപങ്ങളുടെയും സഹകരണത്തോടെയാണ് ഫുഡ്ഫെസ്റ്റിവലിന്റെ സ്റ്റാളുകൾ തയ്യാറാക്കിയിരുന്നത്. .
കോയിസ്സൻ ബീരാൻകുട്ടി, മുഹമ്മദ് ഹക്കീം കണ്ണൂർ, മുഹമ്മദലി കൂന്തല, സാജിദ് ഫറോക്ക്, ഷാഹുൽ ഹമീദ് തൊഴൂപ്പാടം, ഹംസ കരുളായി, മുഹമ്മദ് ഹുസ്സൈൻ ബജ്‌പെ,കബീർ കൊണ്ടോട്ടി, ജംഷീദ്, സക്കരിയ്യ, അഹമ്മദ് അക്രം ലഖ്‌നൗ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.





