ന്യൂയോർക്ക്: 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കായി ഫൈസർ നിർമ്മിക്കുന്ന കൊറോണ വൈറസിനെതിരെയുള്ള വാക്സിന് അംഗീകാരം. ഫൈസർ ബയോൺ ടെക് കൊവിഡ് 19 വാക്സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി.
നിലവിൽ മുതിർന്നവർക്ക് നൽകുന്ന ഡോസിന്റെ മൂന്നിലൊന്ന് ഉപയോഗിച്ചാലും കുട്ടികളിലെ രോഗലക്ഷണങ്ങൾക്കെതിരെ വാക്സിൻ 90 ശതമാനത്തിലധികം സംരക്ഷണം നൽകുന്നുവെന്ന് ക്ലിനിക്കൽ ട്രയൽ തെളിയിച്ചതായി ഫൈസർ വെളിപ്പെടുത്തി. കുറഞ്ഞ ഡോസ് രോഗത്തെ പ്രതിരോധിക്കുന്നതോടൊപ്പം ഏതെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
12 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ ഉപയോഗിക്കുന്ന വാക്‌സിൻ ഡോസിന്റെ മൂന്നിലൊന്ന് ഉപയോഗിച്ച് രൂപപ്പെടുത്തിയ വാക്‌സിൻ അഞ്ചു മുതൽ 11 വരെ പ്രായമുള്ളവരിൽ അടിയന്തര ഉപയോഗ അംഗീകാരം ശുപാർശ ചെയ്യുന്നതിന് എഫ്ഡിഎയുടെ വാക്‌സിൻ ഉപദേശകർ 17 വോട്ടുകൾ നൽകിയാണ് ഏകകണ്ഠമായി അംഗീകരിച്ചത്.