റിയാദ്: സഊദിയിലെ അൽ ബാഹയിൽ കാപ്പികൃഷി വ്യാപകമാക്കാൻ ധാരണ. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയങ്ങളാണ് സംയുക്തമായി ലക്ഷക്കണക്കിന് കാപ്പി മരങ്ങൾ വച്ചു പിടിപ്പിച്ച് കാപ്പി വികസന നഗരം സ്ഥാപിക്കാൻ സംയുക്തമായി പദ്ധതികൾ ഒരുക്കുന്നത്. 1.6 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണതയിൽ 300,000 കാപ്പി മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. 1,000 തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ഇത് മൂലം സാധിക്കും.

നിരവധി സുപ്രധാന സൗകര്യങ്ങൾ ഉൾപ്പെടുന്ന കോഫി സിറ്റി സ്ഥാപിക്കുന്നതിന് ബൽജുറഷിയിലെ അഗ്രികൾച്ചറൽ സൊസൈറ്റിയുമായി മന്ത്രാലയം കരാറിലെത്തിയതായി അൽ ബാഹയിലെ മന്ത്രാലയത്തിന്റെ ബ്രാഞ്ച് ഡയറക്ടർ എഞ്ചി: ഫഹദ് അൽ-സഹ്‌റാനി വിശദീകരിച്ചു. സോർട്ടിംഗ്, പ്രോസസ്സിംഗ്, റോസ്റ്റിംഗ്, പാക്കേജിംഗ് എന്നിവ ഉൾപ്പെടുന്ന ഒരു സംയോജിത കോഫി ഫാക്ടറി, ഒരു പരിശീലന കേന്ദ്രം, ഒരു ബിസിനസ്സ് സെന്റർ, ഒരു സ്ഥിരം എക്സിബിഷൻ, പാർപ്പിടത്തിനും സ്വാർകരണത്തിനുമായിള്ള പ്രദേശം എന്നിവ ഉൾപ്പെടുന്നതാണ് കാപ്പി വികസന നഗരം.
കാർഷിക ടെറസുകളും മഴവെള്ള സംഭരണവും പുനഃസ്ഥാപിക്കാനുള്ള നടപടികളും സുസ്ഥിര കാർഷിക ഗ്രാമവികസന പരിപാടിയായ “റീഫ്” ഉൾപ്പെടെയുള്ള കാപ്പി കൃഷി പദ്ധതികളെ പിന്തുണയ്ക്കുന്ന നിരവധി പരിപാടികളിലൂടെയും സംരംഭങ്ങളിലൂടെയും കാപ്പി നഗരത്തെ വേറിട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.