സഊദിയിലെ വിമാനത്താവളങ്ങൾ പൂർണ്ണ തോതിൽ പ്രവർത്തിക്കാൻ നിർദേശം നൽകിയതോടെ പ്രതീക്ഷയിൽ ഇന്ത്യക്കാർ

0
4056

റിയാദ്: സഊദിയിലെ വിമാനത്താവളങ്ങൾ പൂർണ്ണ തോതിൽ പ്രവർത്തിക്കാൻ നിർദേശം നൽകിയതോടെ ഇന്ത്യക്കാർ പ്രതീക്ഷയിൽ. കൊവിഡ് സാഹചര്യത്തിന് മുൻപേയുള്ള നിലയിലേക്ക് ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങൾക്ക് നിർദേശം നൽകി കൂടുതൽ വിമാനങ്ങൾക്ക് സാഹചര്യമൊരുക്കിയത് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കും അനുമതി നൽകിയേക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. കൊവിഡ് സാഹചര്യം ഭേദമായ നിലയിലേക്ക് എത്തിയതോടെ രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഭാഗികമായി നീക്കിയതിന് പിന്നാലെയാണ് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനത്താവളങ്ങൾക്ക് പൂർണ്ണ തോതിൽ പ്രവർത്തിക്കാൻ നിർദേശം നൽകിയത്.

വിമാനത്താവളങ്ങൾ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനും വിമാന കമ്പനികൾ സർവിസ് ഓപറേഷൻ നടത്താനുമാണ് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞ ദിവസം നിർദേശം നൽകിയത്. സഊദി വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സർവിസ് നടത്തുന്ന എല്ലാ സ്വകാര്യ, പൊതുമേഖല വിമാന കമ്പനികൾക്കും പഴയ രീതിയിൽ തന്നെ പ്രവർത്തനം നടത്താനാണ് നിർദേശം. കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ കൂടി കണക്കാക്കിയാണ് വിമാനത്താവളം സജ്ജീകരിക്കാൻ നിർദേശം നൽകിയത്.

ഇതോടെ കൂടുതൽ അന്താരാഷ്ട്ര സർവ്വീസുകൾ രാജ്യത്ത് സർവ്വീസുമായി എത്തുന്നതോടൊപ്പം ഇന്ത്യയിൽ നിന്നും നേരിട്ടുള്ള സർവ്വീസുകൾ ഉൾപ്പെടെ കൂടുതൽ സർവ്വീസുകൾക്ക് അനുമതി നൽകിയേക്കുമെന്നുമുള്ള പ്രതീക്ഷ ഉടലെടുത്തിട്ടുണ്ട്. ഈ മാസം അവസാനത്തോടെ നേരിട്ടുള്ള സർവീസുകൾക്ക് സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകളും ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ കാണുന്നത്. ഇന്ത്യയിൽ കൊവിഡ് രോഗികൾ കുറയുകയും വാക്‌സിനേഷൻ വ്യാപകമാകുകയും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പലവിധത്തിൽ പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ്. അതേസമയം ഇന്ത്യയടക്കം നിലവിൽ നേരിട്ടുള്ള യാത്രാവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് സഊദിയിൽ നിന്ന് യാതൊരു സൂചനകളൊന്നുമില്ല. എന്നാൽ സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുമ്പോൾ നേരിട്ട് പറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാർ.

അതേസമയം, വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കൊവിഡ് വാക്‌സിനേഷൻ നിർബന്ധമാണ്. കുത്തിവെപ്പ് എടുത്തിട്ടുണ്ടോ എന്ന പരിശോധ പഴയപോലെ തുടരും. വ്യക്തി വിവര ആപ്പായ ‘തവക്കൽനാ’ ഇല്ലാത്തവരെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കില്ല. എന്നാൽ, വിദേശത്തു നിന്നും എത്തുന്നവർക്ക് ഇതിൽ ഇളവുണ്ട്. വിദേശങ്ങളിൽ നിന്ന് വരുന്നവർക്ക് ഇമ്യൂൺ ആണെന്ന രേഖ കാണിച്ചാൽ മതിയാകും.

ഇത് കൂടി വായിക്കുക

സഊദിയിൽ നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവുകൾ പള്ളികൾക്ക് ബാധകമോ? ഇസ്‌ലാമിക് അഫയേഴ്സ് പ്രതികരണം ഇങ്ങനെ