റിയാദ്: സഊദിയിൽ “THI RIG” പദ്ധതി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. അറേബ്യൻ ഗൾഫ് മേഖലയിൽ 150000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സമുദ്ര പ്ലാറ്റ്ഫോമുകളിൽ വിനോദ സഞ്ചാര കേന്ദ്രമാണ് ഉയരുന്നത്. ഇത്തരത്തിലെ ലോകത്തിലെ ആദ്യത്തെ വിനോദസഞ്ചാര കേന്ദ്രം സഊദി പൊതു നിക്ഷേപ ഫണ്ട് ആണ് നടപ്പിലാക്കുന്നത്. ഇതിന്റെ വീഡിയോ പൊതു നിക്ഷേപ ഫണ്ട് പുറത്ത് വിട്ടിട്ടുണ്ട്. ആരെയും അദ്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണ് ഈ ടൂറിസം.
മൂന്ന് ഹോട്ടലുകൾ, നിരവധി അന്താരാഷ്ട്ര റെസ്റ്റോറന്റുകൾ, ഹെലിപാഡുകൾ, നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ, കായിക വിനോദങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ ടൂറിസം സാധ്യതകൾ പ്രോജക്റ്റ് വാഗ്ദാനം ചെയ്യുന്നുവെന്ന് പൊതു നിക്ഷേപ ഫണ്ട് വിശദീകരിച്ചു.
ഓഫ്ഷോർ ഓയിൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയം താമസം, സാഹസികത, സമുദ്ര കായിക അനുഭവങ്ങൾ എന്നിവയ്ക്കായി വൈവിധ്യങ്ങളായ സാധ്യതകളും അനുഭവങ്ങളും ആയിരിക്കും ടൂറിസ്റ്റുകൾക്ക് സമ്മാനിക്കുക. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെയും പ്രത്യേകിച്ച് അറബ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാരെയും താമസക്കാരെയും ആകർഷിക്കുന്ന ഒരു അസാധാരണ ടൂറിസം അനുഭവം ഈ പദ്ധതിയിലൂടെ സഊദി അറേബ്യ പ്രതീക്ഷിക്കുന്നുണ്ട്.
രാജ്യാന്തര ടൂറിസം ഭൂപടത്തിൽ രാജ്യത്തിന്റെ സ്ഥാനം വർദ്ധിപ്പിക്കുന്നതിനായി ടൂറിസം, വിനോദ മേഖലകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സഊദി തന്ത്രത്തിനനുസരിച്ചാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.
പൊതു നിക്ഷേപ ഫണ്ട് പുറത്ത് വിട്ട വീഡിയോ 👇




