ബസ് കത്തിനശിച്ച സംഭവം; ക്വാറന്റൈൻ കഴിഞ്ഞു ദുബൈയിൽ നിന്ന് മടങ്ങിയ മലയാളികൾ രക്ഷപ്പെട്ടത് അദ്‌ഭുതകരമായി, നെടുവീർപ്പോടെ യാത്രക്കാർ

0
5000

റിയാദ്: ക്വാറന്റൈൻ കഴിഞ്ഞു ദുബൈയിൽ നിന്ന് സഊദിയിലേക് മടങ്ങുന്നതിനിടെ ബസ് തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ച സംഭവത്തിൽ നിന്നും മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ രക്ഷപ്പെട്ടത് അദ്‌ഭുതകരമായി. പൂർണ്ണമായും കത്തിയമർന്ന ബസിനൊപ്പം ചിലരുടെ പാസ്സ്പോർട്ട് ഉൾപ്പെടെയുള്ള വിലപ്പെട്ട രേഖകളും ചാമ്പലായി. എങ്കിലും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണിവർ. ഏറെ കഷ്ടതകൾ അനുഭവിച്ച് പതിനാല് ദിവസം ദുബൈയിൽ കഴിഞ്ഞ ശേഷം സഊദി മണ്ണിലേക്ക് കാലെടുത്തു വെച്ച ശേഷമാണ് ഞെട്ടിപ്പിച്ച അപകടത്തിനു ഇവർ സാക്ഷികളായത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ദുബൈയിൽ നിന്നും പുറപ്പെട്ട സഊദി പ്രവാസികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് കത്തിയമർന്നത്. യാത്ര പുറപ്പെട്ട് മണിക്കൂറുകൾക്കകം ബസിന് ചില തകരാർ കണ്ടെത്തിയിരുന്നു. എന്നാൽ, യാത്രക്കിടെ തന്നെ വർക്ക് ഷോപ്പിൽ കാണിച്ചു തകരാർ പരിഹരിച്ചു യാത്ര തുടരുകയായിരുന്നു. എന്നാൽ ദമാമിൽ എത്തുന്നതിന് 300 കിലോമീറ്റർ അകലെവെച്ചു ബസിന്റെ പുറകു വശത്തു ശക്തമായ ചൂട് അനുഭവപ്പെടുകയും പുക ഉയരുകയും ചെയ്യുകയായിരുന്നു.

ഉടൻ തന്നെ വിവരം ഡ്രൈവറെ അറിയിക്കുകയും വാഹനം നിർത്തി യാത്രക്കാർ മുഴുവൻ പെട്ടെന്ന് തന്നെ പുറത്തിറങ്ങുകയും ചെയ്തു. തൊട്ടു പിന്നാലെ, നിമിഷങ്ങൾക്കകം ബസിനെ തീ വിഴുങ്ങുകയായിരുന്നു. 36 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നു രക്ഷപ്പെട്ടവർ പറഞ്ഞു. ഇതിൽ 27 പേർ മലയാളികളും മറ്റുള്ളവർ ഉത്തർപ്രദേശ് സ്വദേശികളുമായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.



അത്ഭുതകരമായാണ് യാത്രക്കാർ രക്ഷപ്പൈട്ടത്. ചില യാത്രക്കാരുടെ ലഗേജും പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകളും കത്തിനശിച്ചവയിൽപെടും. നിരവധി യാത്രക്കാരുടെ ലഗേജുകളും മൊബൈൽ ഫോണുകളും അഗ്നി വിഴുങ്ങി. എങ്കിലും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ഇവർ.