ദുബൈയിൽ നിന്ന് ക്വാറന്റൈൻ പൂർത്തിയാക്കി സഊദിയിലേക്കുള്ള യാത്രക്കിടെ മലയാളികൾ സഞ്ചരിച്ച ബസ് കത്തി നശിച്ചു

0
6925

റിയാദ്: സഊദിയിലേക്കുള്ള യാത്രക്കിടെ മലയാളികൾ സഞ്ചാരിച്ച ബസ് പൂർണമായും കത്തിനശിച്ചു. ദുബായിൽനിന്നും ക്വാറന്റീൻ പൂർത്തിയാക്കി സഊദിയിലേക്ക് റോഡ് മാർഗം വരികയായിരുന്ന സംഘത്തിന്റെ ബസ് ആണ് കത്തി നശിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. 36 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നു രക്ഷപ്പെട്ടവർ പറഞ്ഞു. ഇതിൽ 27 പേർ മലയാളികളും മറ്റുള്ളവർ ഉത്തർപ്രദേശ് സ്വദേശികളുമായിരുന്നു.

യാത്ര പുറപ്പെട്ട് മണിക്കൂറുകൾക്കകം ബസ് തകരാർ കണ്ടെത്തുകയും വർക്ക് ഷോപ്പിൽ കാണിച്ചു തകരാർ തീർത്തു യാത്ര തുടരുകയായിരുന്നു. എന്നാൽ ദമാമിൽ എത്തുന്നതിന് 300 കിലോമീറ്റർ അകലെവെച്ചു ബസിന്റെ പുറകു വശത്തു ശക്തമായ ചൂട് അനുഭവപ്പെടുകയും പുക ഉയരുകയും ചെയ്തതായി യാത്രക്കാർ പറഞ്ഞു. വിവരം ഡ്രൈവറെ അറിയിച്ചു വാഹനം നിർത്തി യാത്രക്കാർ മുഴുവൻ പുറത്തിറങ്ങി നിമിഷങ്ങൾക്കകം ബസിനെ തീ വിഴുങ്ങുകയായിരുന്നു. അത്ഭുതകരമായാണ് യാത്രക്കാർ രക്ഷപ്പൈട്ടത്. ചില യാത്രക്കാരുടെ ലഗേജും പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകളും കത്തിനശിച്ചവയിൽപെടും. നിരവധി യാത്രക്കാരുടെ ലഗേജുകളും മൊബൈൽ ഫോണുകളും അഗ്നി വിഴുങ്ങി.