ബാങ്ക് വിവരങ്ങൾ മറ്റാർക്കെങ്കിലും കൈമാറുന്നവർ ഓർക്കുക, സഊദിയിലെ നഴ്‌സിനുണ്ടായ ഈ അനുഭവം

0
6459

റിയാദ്: ബാങ്ക് വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് പോലെയുള്ള കൈപ്പേറിയ അനുഭവങ്ങൾക്ക് നിങ്ങളും ഇരയായേക്കും. അത്തരമൊരു അനുഭവമാണ് സഊദിയിൽ ജോലി ചെയ്‌തിരുന്ന മലയാളിയായ നഴ്‌സിന് ഉണ്ടായത്. എക്സിറ്റിൽ പോകുന്ന വേളയിൽ ലഭിച്ച ഭീമമായ തുക തന്റെ നാട്ടിലെ അകൗണ്ടിലേക്ക് മാറ്റാനായി മറ്റൊരാൾക്ക് ബാങ്ക് വിവരങ്ങൾ കൈമാറിയതാണ് യുവതിക്ക് വിനയായത്. സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് രണ്ടു വർഷത്തിനു ശേഷമാണ് ഇവർക്ക് പണം തിരിച്ചു കിട്ടിയതും ശ്വാസം നേരെ വീണതും.

നജ്റാനിലെ ഒരു ഹോസ്പിറ്റലിൽ ജോലി ജോലി ചെയ്‌തിരുന്ന യുവതി രണ്ട് വർഷം മുമ്പ് നാട്ടിലേക്ക് എക്സിറ്റിൽ പോയതായിരുന്നു. രണ്ട് മാസത്തിനു ശേഷം രണ്ട് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി 14,000 റിയാലിലധികം വരുന്ന സംഖ്യ അവരുടെ സാലറി അക്കൗണ്ടിലേക്ക് എത്തിച്ചേർന്നു. പക്ഷെ, എക്സിറ്റിൽ പോയതിനാലും ഇഖാമ കാലാവധി കഴിഞ്ഞത് കൊണ്ടും അവരുപയോഗിച്ചിരുന്ന മൊബൈൽ നമ്പർ പ്രവർത്തന രഹിതമായതിനാൽ ബാങ്കിലെ പണം പിൻവലിക്കാനായില്ല.

തുടർന്ന് ബാങ്കിൽ അന്വേഷിച്ചത് പ്രകാരം നാട്ടിലെ അക്കൗണ്ടിലേക്ക് പണം അയക്കാനായി ആവശ്യമായ രേഖകൾ എല്ലാം വെച്ച് മെയിൽ ചെയ്യാനാവശ്യപ്പെട്ടത് പ്രകാരം മെയിൽ ചെയ്തപ്പോൾ എക്സിറ്റാണ് പോയതെന്ന് തെളിയിക്കാൻ ജവാസാത്ത് രേഖ നൽകാൻ ബാങ്ക് ആവശ്യപ്പട്ടു. ഇതിനായി സഊദിയിൽ പരിചയമുള്ള സുഹൃത്തുക്കളേയും മറ്റുമെല്ലാം ബന്ധപ്പെട്ടെങ്കിലും ആരുടെ ഭാഗത്ത് നിന്നും ആവശ്യമായ സഹായം ലഭ്യമാകാതെ വന്നതോടെ ഇനിയെന്ത് ചെയ്യുമെന്ന ആലോചനക്കിടെയാണ് നജ്റാനിൽ തന്നെ ഒരു വീട്ടിൽ ജോലി ചെയ്യുന്ന അറിയാവുന്ന ഒരു മലയാളി യുവതിയുടെ കഫീലും മുന്നേ പരിചയമുള്ള സഊദി പൗരനയുമായി ബന്ധപ്പെട്ട് കാര്യം പറഞ്ഞത്.

എന്നാൽ, ജവാസാത്തിലൊന്നും പോകാതെ തന്നെ ബാങ്കിലുള്ള അയാളുടെ സുഹൃത്ത് വഴി ഇത് ശെരിയാക്കി തരാൻ കഴിയുമോ എന്ന് നോക്കട്ടെ എന്ന് അദ്ദേഹം ഉറപ്പ് നൽകുകയും പിന്നീട് ഒന്നര വർഷത്തിനിടക്ക് പല തവണ അയാളുമായി നിരന്തരം ബന്ധപ്പെട്ടപ്പോഴെല്ലാം ആവശ്യമായ രേഖകളെല്ലാം അയാൾക്ക് കൈമാറിയെങ്കിലും എല്ലാം ശെരിയാകുമെന്നും ബാങ്കുമായി ബന്ധപ്പെടുന്നുണ്ടെന്നും പറയുന്നതല്ലാതെ ഒന്നും സംഭവിച്ചില്ല. ഇതിനിടെയാണ്‌ ജിദ്ദയിൽ ജോലി ചെയ്യുന്ന സംഘടനാ രംഗത്ത് പരിചയമുള്ള സജീർ വള്ളിത്തോട് എന്ന ഒരു സുഹൃത്ത് ബന്ധപ്പട്ടത്തിന്റെയടിസ്ഥാനത്തിൽ സാമൂഹ്യ പ്രവർത്തകനായ ഷബീർ കളത്തിൽ നാട്ടിലുള്ള നഴ്‌സിന്റെ അടുക്കൽ നിന്ന് വിവരങ്ങൾ മനസിലാക്കി ബാങ്കിന്റെ ഹെഡ് ഓഫീസിൽ തന്നെ ജോലി ചെയ്യുന്ന അടുത്ത സുഹൃത്തുമായി കാര്യങ്ങൾ സംസാരിച്ചു ശ്രമം തുടങ്ങിയത്.

ബാങ്കിലെ ഡിപാർട്ട്മെന്റുമായി അന്വേഷിച്ചപ്പോൾ അകൗണ്ടിൽ പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. യുവതിയുടെ പണം എവിടെപ്പോയെന്ന അന്വേഷണമായിരുന്നു പിന്നീട്. യുവതിയെക്കൊണ്ട് തന്നെ വീണ്ടും ഇതേ ഡിപ്പാർട്ട്മെന്റിലേക്ക് മെയിൽ അയപ്പിക്കുകയും തുടർ അന്വേഷണത്തിൽ പണം ഓൺലൈൻ ബാങ്കിങ് വഴി മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസഫെർ ചെയ്തതാണെന്ന് വ്യക്തമാക്കുകയും ചെയ്തു. യുവതിയുടെ ഓൺലൈൻ ബാങ്ക് യൂസർ നെയിമും പാസ്‌വേർഡും വെച്ചായിരുന്നു പണം മാറ്റിയിരുന്നത്. സഹായിക്കാമെന്ന് പറഞ്ഞ് ഇത്രയും കാലം കാത്തിരുന്ന സഊദി പൗരൻ ഇടക്ക് യൂസർ നെയിമും പാസ് വേർഡും ആവശ്യപ്പെട്ടിരുന്നതും നൽകിയിരുന്നതും അപ്പോഴാണ് യുവതി ഓർത്തെടുത്ത്. വിശ്വസിച്ച് കൊടുത്തത് അയാൾ ദുരുപയോഗം ചെയ്യുകയായിരുന്നു. അയാളറിയുന്ന ഏതോ ബാങ്ക് ജീവനക്കാരനുമായി ബന്ധപ്പെട്ട് OTP ലഭിക്കാനായി ആദ്യം ഇദ്ദേഹം മൊബൈൽ നമ്പർ മാറ്റുകയും പിന്നീട് പണം അയാളുടെ തന്നെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു.

പണം തിരിച്ചു പിടിക്കാൻ തന്ത്രപരമായ ചില ഇടപെടലുകളായിരുന്നു പിന്നീട് നടത്തിയത്. നിയമപരമായി പോയി കഴിഞ്ഞാൽ കാല
താമസമെടുക്കുകയും മറ്റൊരാൾക്ക് യൂസർ-പാസ് വേർഡ് നൽകിയത് മൂലം ഉണ്ടാകാവുന്ന നിയമക്കുരുക്കുകളും മനസിലാക്കി ഇതിനു പിന്നിൽ പ്രവർത്തിച്ച സഊദി പൗരനെ സമ്മർദ്ധത്തിലാക്കി പണം തിരിച്ച് തിരിച്ചു പിടിക്കുകയായിരുന്നു. സമ്മർദ്ദം ശക്തിയായതോടെ അദ്ദേഹം പണം അതെ അകൗണ്ടിലേക്ക് തിരിച്ചിട്ട് രക്ഷപ്പെട്ടു. നഷ്ടപ്പെട്ടെന്ന് കരുതിയ പണം അകൗണ്ടിലേക്ക് തിരിച്ചെത്തിയെങ്കിലും നാട്ടിലെ അക്കൗണ്ടിലേക്ക് മാറ്റുന്നതായിരുന്നു മറ്റൊരു കടമ്പ. ജവാസാത്ത് പ്രിന്റടക്കം ആവശ്യമുള്ള രേഖകളെല്ലാം വീണ്ടും ബാങ്കിന് കൈമാറി. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ ദിവസം പണം മുഴുവനും യുവതിയുടെ അക്കൗണ്ടിലേക്ക് എത്തി.

ഏതൊരാവശ്യത്തിനാണെങ്കിലും ബാങ്ക് അകൗണ്ട് പോലോത്ത വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറുന്നവർക്കുള്ള മുന്നറിയിപ്പാണ് സംഭവമെന്നും ഇത്തരം സന്ദർഭങ്ങളിൽ വിവേക പൂർവ്വം ഇടപടണമെന്നും പണം തിരിച്ചു കിട്ടാൻ കഠിന ശ്രമം നടത്തിയ ഷബീർ കളത്തിൽ ഓർമ്മപ്പെടുത്തി. പ്രവാസികൾക്ക് ഇത്തരം ഘട്ടങ്ങളിൽ നാട്ടിലേക്ക് പോകും മുമ്പ് തന്നെ കമ്പനികളുമായാനുള്ള മുഴുവൻ ഇടപാടുകളും നേരത്തെ തന്നെ തീർത്ത ശേഷമേ നാട്ടിലേക്ക് പോകാവൂ എന്നും അല്ലെങ്കിൽ നേരത്തെ തന്നെ ബാങ്കിടപാടുകൾ തടസ്സപ്പെടാതിരിക്കാനുള്ള കാര്യങ്ങൾ നേരിട്ട് ചെയ്ത തീർക്കണമെന്നും ഇദ്ദേഹം ഉണർത്തി.