സഊദിയിൽ വാട്ടർ ബില്ലുകൾ വാടക ബില്ലുമായി (ഈജാർ) ബന്ധിപ്പിക്കുന്നു

0
1980

റിയാദ്: രാജ്യത്തെ താമസ കേന്ദ്രങ്ങളിലെ വെള്ളവിതരണ സംവിധാന മീറ്ററുകൾ “ഈജാർ സംവിധാനവുമായി ബന്ധിപ്പിക്കുന്നു. വാടക സംവിധാനങ്ങൾക്കായുള്ള ഇലക്ട്രോണിക് നെറ്റ്‌വർക്ക് സംവിധാനമായ “ഇജാർ” സിസ്റ്റത്തിന് മേൽനോട്ടം വഹിക്കുന്ന മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയവും നാഷണൽ വാട്ടർ കമ്പനിയുമാണ് ഇത് നടപ്പിലാക്കുന്നത്. ഈയാഴ്ച തന്നെ വാടക ബില്ലുമായി വാട്ടർ ബില്ലുകൾ ബന്ധിപ്പിക്കാൻ കരാർ ഒപ്പിടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.

വാട്ടർ ബില്ലുകൾ ഇലക്ട്രോണിക്കലായി “ഈജാർ” നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിച്ച ശേഷം, വാട്ടർ ബില്ലുകൾ കെട്ടിട ഉടമസ്ഥൻ കൈകാര്യം ചെയ്യുന്നതിന് പകരമായി സാമ്പത്തിക ബാധ്യത വാടകക്കാരന് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് വാർത്ത പ്രസിദ്ധീകരിച്ച പ്രാദേശിക പത്രം ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്‌തു. ഈ സേവനം കെട്ടിട ചെയ്യാൻ ആവശ്യപ്പെടുന്നതിനുപകരം എല്ലാ സേവനങ്ങളും പ്രയോജനപ്പെടുത്താൻ വാടകക്കാരെ പ്രാപ്തരാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

നിലവിൽ കെട്ടിട ഉടമകൾ നിശ്ചിത തുക വാർഷികയിനത്തിൽ വാടകക്കാരിൽ നിന്നും ഈടാക്കി ഒരുമിച്ച് അടക്കുകയാണ് ചെയ്യുന്നത്. വെള്ളം ഉപഭോഗം കൂടിയാലും കുറഞ്ഞാലും നിശ്ചയിച്ച തുക തന്നെ വാടകക്കാരനിൽ നിന്ന് ഉടമകൾ ഈടാക്കുകയാണ് ചെയ്യുന്നത്. ഈജാർ സംവിധാനവുമായി ബന്ധപ്പെടുത്തുന്നതോടെ ഉപഭോഗത്തിനനുസരിച്ച് മീറ്ററിൽ രേഖപ്പെടുത്തിയ തുകയായിരിക്കും ഓരോ വാടകക്കാരനും അടക്കേണ്ടത്.