റിയാദ്: തന്റെ കണ്ണ് തകർത്ത ഭർത്താവിനെതിരെ ഭാര്യ അതേ നടപടി ആവശ്യപ്പെട്ട് കോടതിയിൽ. സഊദി വനിതയാണ് ഭർത്താവിനെതിരെ പ്രതിക്രിയ ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. തർക്കത്തിനിടെ ഭർത്താവിന്റെ മോതിരം തട്ടി കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഭാര്യ ഭർത്താവിന്റെ കണ്ണെടുക്കണമെന്നാവശ്യപ്പെട്ടു കോടതിയിലെത്തിയത്. അഭിഭാഷകനായ ഡോ: അബ്ദുൽ അസീസ് അശബർമിയെ ഉദ്ധരിച്ച് സഊദി പ്രാദേശിക ദിനപത്രം അൽ വത്വൻ ആണ് ഇക്കാര്യം ചെയ്‌തത്. ഇതിനിടെ നഷ്ടപരിഹാരമായി 4 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞിട്ടും വീഴ്ച്ചക്ക് തയ്യാറല്ലെന്നാണ് റിപ്പോർട്ട്.
വീട്ടിനകത്ത് വെച്ച് ചില വിഷയങ്ങളിൽ ഇരുവരും സംസാരത്തിലേർപ്പെട്ടിരുന്നു. ഇതിനിടെ കുട്ടികൾക്കിടയിൽ ചർച്ച വേണ്ടെന്ന തീരുമാനം ഭർത്താവ് അറിയിച്ചതിനെ തുടർന്ന് ഇരുവരും വീട്ടിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറി. എന്നാൽ കാറിനകത്ത് വെച്ച് തർക്കം മൂർച്ചിക്കുകയും ഭർത്താവ് ഭാര്യയുടെ മുഖത്തിടിക്കുകയും ചെയ്തു. ഈ സമയം ഭർത്താവിൻ്റെ കൈ വിരലിലുണ്ടായിരുന്ന മോതിരം ഭാര്യയുടെ കണ്ണിൽ തട്ടുകയും കണ്ണ് തകരുകയും ചെയ്‌തുവെന്നാണ് കേസ്.
തുടർന്ന് കോടതിയിലെത്തിയ ഭാര്യയുടെ ആവശ്യപ്രകാരം പ്രതിക്രിയയായി കണ്ണിനു പകരം കണ്ണ് എന്ന ശിക്ഷ നടപ്പാക്കാൻ കോടതി ഉത്തരവിട്ടിരിക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ, കണ്ണിനു പകരം കണ്ണ് എന്ന നിയമം തന്നെ നടപ്പാക്കുന്നതിന്റെ പകരമായി ഭാര്യക്ക് 4 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാമെന്ന് ഭർത്താവ് പറഞ്ഞെങ്കിലും ഭാര്യ അത് നിരസിച്ചുവെന്ന് അഭിഭാഷകനെ ഉദ്ധരിച്ച് അൽ വത്വൻ റിപ്പോർട്ടിൽ പറയുന്നു. ശിക്ഷ പ്രതിക്രിയയാണെങ്കിലും നഷ്ടപരിഹാരമാണെങ്കിലും കുടുംബ ബന്ധം കുറ്റക്കാരനെ ശിക്ഷയിൽ നിന്നൊഴിവാക്കുന്നില്ലെന്ന് കോടതി പ്രത്യേകം പരാമർശിച്ചതായി അഭിഭാഷകൻ വ്യക്തമാക്കി.




