റിയാദ്: സഊദിയിൽ റെസ്റ്റോറന്റുകളിലും കഫേകളിലും സഊദിവത്കരണം നിലവിൽ വന്നതിനു പിന്നാലെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം കർശന പരിശോധന ആരംഭിച്ചു. വിവിധ നഗരങ്ങളിൽ പ്രാദേശിക തൊഴിൽ മന്ത്രാലയ വകുപ്പുകളാണ് വ്യാപകമായ പരിശോധന നടത്തുന്നത്. ഇതിനകം തന്നെ നിരവധി സ്ഥലങ്ങളിൽ സഊദിവത്കരണ നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്.
മന്ത്രാലയത്തിന്റെ നിരീക്ഷണ സംഘങ്ങൾ റിയാദിലെ നിരവധി ഉന്നത റെസ്റ്റോറന്റുകളിലും കഫേകളിലും നടത്തിയ പരിശോധനകളിൽ വ്യത്യസ്ത തൊഴിൽ മേഖലകളിൽ അടക്കം 18 ലധികം നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തുന്ന ഏതെങ്കിലും ലംഘനങ്ങൾ 19911 എന്ന നമ്പറിൽ വിളിച്ചറിയിക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു.
റെസ്റ്റോറന്റുകൾ, കഫേകൾ, കാറ്ററിംഗ്, സെൻട്രൽ മാർക്കറ്റുകൾ എന്നിവയിൽ വിവിധ തൊഴിലുകളിൽ സഊദിവത്കരണം രണ്ടു ദിവസം മുമ്പാണ് നിലവിൽ വന്നത്. മലയാളികൾ അടക്കം പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതാണ് ഇപ്പോൾ നടപ്പിലായ തീരുമാനം.




