റിയാദ്: സഊദിയില്‍ പെട്രോൾ പമ്പിൽ മലയാളിക്ക് വെടിയേറ്റ സംഭവത്തിലെ പ്രതിക്ക് കോടതി ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയത് ചോദ്യം ചെയ്ത കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിനാണ് (27) ആഴ്ചകൾക്ക് മുമ്പ് വെടിയേറ്റിരുന്നത്. ഈ കേസിലെ പ്രതിയായ സ്വദേശി പൗരനെയാണ് ക്രിമിനൽ കോടതി ഏഴു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. റിയാദ് പ്രവിശ്യയിലെ വാദി ദിവാസിറലുള്ള പെട്രോള്‍ പമ്പിൽ ആഗസ്റ്റ് 12ന് പുലര്‍ച്ച ആയിരുന്നു സംഭവം. പമ്പിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു മുഹമ്മദ്. വളരെ വേഗത്തിലാണ് പ്രതിക്കെതിരെ അന്വേഷണം നടത്തി ശിക്ഷ വിധിച്ചത്.
കുറ്റവാളി നിഷിദ്ധമായ പ്രവൃത്തി ചെയ്തുവെന്നും നിയമപരമായി കുറ്റം തെളിയിച്ചതോടെ അന്വേഷണങ്ങൾ അവസാനിച്ചുവെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കോടതിയിൽ പൊതു കേസ് ഫയൽ ചെയ്യുകയും ഏറ്റവും കഠിനമായ ശിക്ഷകൾ അദ്ദേഹത്തിന് ചുമത്തണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിക്ക് 7 വർഷം തടവും പിഴയും വിധിച്ചുവെന്നും കുറ്റകൃത്യത്തിൽ ഉപയോഗിച്ച ആയുധം കണ്ടു കെട്ടുകയും ചെയ്തുവെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
പെട്രോളടിച്ച ശേഷം പണം ചോദിച്ച് ചെന്നപ്പോള്‍ കാറുമായെത്തിയ സഊദി പൗരൻ വെടിയുതിര്‍ക്കുകയായിരുന്നു. തുടക്ക് വെടിയേറ്റ മുഹമ്മദ് മിലിറ്ററി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു.

വെടിയേറ്റ കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദ്
കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ മുങ്ങാനായിരുന്നു പ്രതിയുടെ ശ്രമം. അത് ചെറുക്കാനായി അടുത്തേക്ക് ചെന്ന മുഹമ്മദിനെ തള്ളി താഴെയിട്ടശേഷം കൈയിലുണ്ടായിരുന്ന പണം അപഹരിച്ചു. തുടര്‍ന്ന് കാര്‍ മുന്നോട്ടെടുത്ത് പോയ ശേഷം തിരിച്ചു വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യത്തിലും ഇത് വ്യക്തമായിരുന്നു.
വെടിയേറ്റ് 15 മിനിറ്റോളം അവിടെ കിടന്ന ഇയാളെ സഹപ്രവർത്തകരാണ് ആശുപത്രിയിയിലേക്ക് മാറ്റിയത്. സംഭവത്തിന്റെ വീഡിയോ പിന്നീട് പുറത്ത് വന്നിരുന്നു.
ഇത് കൂടി വായിക്കുക👇
വീഡിയോ👇
“സഊദിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ വെടിവെച്ച് ഡ്രൈവർ രക്ഷപ്പെട്ടു, സിസിടിവി ദൃശ്യം പുറത്ത്“
“പട്രോൾ പമ്പ് ജീവനക്കാരനെ വെടിവെച്ച് രക്ഷപ്പെട്ട പ്രതിയെ സഊദി പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി“
“സഊദിയില്‍ പെട്രോൾ പമ്പിൽ മലയാളി വെടിയേറ്റ സംഭവത്തിലെ പ്രതി പിടിയിൽ“




