മദീനയിലെ പ്രവാചക പള്ളിയിൽ പ്രാർത്ഥന നടത്താൻ പെർമിറ്റ് ആവശ്യമില്ല: ഹജ്ജ് ഉംറ മന്ത്രാലയം

0
2334

മദീന: മദീനയിലെ പ്രവാചകന്റെ പള്ളിയിൽ പ്രാർത്ഥന നടത്താൻ ഇഅത്മർന ആപ്പിലൂടെ അനുമതിയും പ്രത്യേക പെർമിഷനും എടുക്കേണ്ട ആവശ്യമില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയവും അറിയിച്ചു. വിശുദ്ധ റൗദാ ശരീഫിൽ പ്രാർത്ഥിക്കാനും നബി (സ) യുടെ ഖബർ സന്ദർശിക്കാനും മാത്രമേ പ്രത്യേക പെർമിഷൻ ആവശ്യമുള്ളൂ. പ്രവാചകന്റെ പള്ളിയിൽ പ്രവേശിക്കാനും പ്രാർത്ഥന നടത്താനുമുള്ള ഒരേയൊരു വ്യവസ്ഥ തവക്കൽന ആപ്ലിക്കേഷനിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് കാണിക്കുക എന്നത് മാത്രമാണെന്ന് മന്ത്രാലയം പറഞ്ഞു.

കൊറോണ വൈറസിനെതിരായ രണ്ട് ഡോസ് വാക്സിൻ, വൈറസ് ബാധിച്ച ശേഷം രോഗമുക്തി നേടൽ, ഒരു ഡോസ് വാക്സിൻ എടുത്ത് 14 ദിവസം പൂർത്തിയാക്കുന്നതിലൂടെ തവക്കൽന ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് ഇമ്മ്യൂൺ ആകുന്നവർക്ക് ഈ സ്റ്റാറ്റസ് കാണിച്ച് പ്രവാചക പള്ളിയിൽ പ്രവേശിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.