സഊദി പ്രവേശനത്തിന് ഇമ്മ്യൂൺ പ്രൂഫ് കാണിക്കണം, നിർദേശവുമായി സിവിൽ എവിയേഷൻ

0
6360

റിയാദ്: സഊദിയിലേക്ക് വരുന്ന സഊദി താമസക്കാരായ യാത്രക്കാർ ഇമ്മ്യൂൺ ആയതായി തെളിയിക്കണമെന്ന് നിർദേശം. ഇത് തെളിയിക്കാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും രാജ്യത്തേക്ക് സർവ്വീസ് നടത്തുന്ന വിമാന കമ്പനികൾക്ക് സഊദി സിവിൽ എവിയേഷൻ അതോറിറ്റി നിർദേശം നൽകി. ഇന്നലെ നൽകിയ സർക്കുലറിലാണ് വിമാന കമ്പനികളോട് ഗാക ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതോടെ വാക്സിൻ എടുക്കാത്തവരായ സഊദി റസിഡന്റ് വിസക്കാർക്ക് സഊദിയിലേക്ക് ഇനി പ്രവേശനം സാധ്യമാകില്ലെന്നാണ് കരുതുന്നത്.

വാക്സിൻ സ്വീകരിച്ച് ഇമ്മ്യൂൺ ആയതായി തെളിയിക്കാൻ രണ്ട് വഴികൾ സ്വീകരിക്കാമെന്നാണ് സർക്കുലറിൽ പറയുന്നത്. സഊദി താമസക്കാരായ യാത്രക്കാരുടെ തവക്കൽനയിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് പരിശോധിച്ചും സഊദിയിൽ രജിസ്റ്റർ ചെയ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് (അറൈവൽ പ്ലാറ്റ് ഫോം) എന്നിവയിലൂടെയും ഇത് പരിശോധിച്ച് ഉറപ്പ് വരുത്താമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമേ ബോർഡിങ്‌ നൽകാവൂ എന്നും നിർദേശമുണ്ട്. അതേസമയം, നിലവിൽ അറൈവൽ പ്ലാറ്റ് ഫോമിൽ തവക്കൽന ഇമ്മ്യൂൺ ആയവർക്ക് മാത്രമാണ് വാക്സിനേറ്റഡ് കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യം. അല്ലാത്തവർക്ക് നോൺ വാക്സിനേഷൻ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്തു ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സംവിധാനമാണുള്ളത്.

ഇത് പാലിക്കാതെ യാത്രക്കാരെ എത്തിക്കുന്ന വിമാന കമ്പനികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും സക്കുലർ വ്യക്തമാക്കുന്നു. ഇതോടെ സഊദി പ്രവാസികൾക്ക് ഇനി സഊദിയിലേക്ക് തിരിച്ചു വരണമെങ്കിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് കാണിക്കണം. എന്നാൽ, പുതിയ വിസക്കാർക്കും സന്ദർശക വിസക്കാർക്കും ഇത് നിർബന്ധമില്ല. നിലവിൽ സഊദി റസിഡന്റ് വിസക്കാർക്ക് മാത്രമാണ് ബാധകം.