റിയാദ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ത്യൻ പ്രവാസികളുടെ നിലവിലെ പ്രതിസന്ധിയിൽ അനുകൂല പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്ന് ഉറ്റുനോക്കി സഊദിയിലെ ഇന്ത്യൻ പ്രവാസികൾ. നിലവിൽ സഊദിയിലെ ഇന്ത്യൻ പ്രവാസികൾ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ യാത്രാ പ്രശ്‌നത്തിൽ വല്ല അനുകൂല പ്രഖ്യാപനവും ഉണ്ടാകുമോയെന്ന കാര്യത്തിലാണ് പ്രവാസികൾ ഉറ്റു നോക്കുന്നത്. കൂട്ടത്തിൽ ഇന്ത്യയുടെ കൊവാക്‌സിന് സ്വീകരിച്ച സഊദി പ്രവാസികളുടെ കാര്യത്തിലും എന്തെങ്കിലും അനുകൂല പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്.
നിലവിൽ ഇന്ത്യയിൽ നിന്ന് രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് സഊദിയിലേക്ക് നേരിട്ടെത്താൻ സാധ്യമല്ല. സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്‌സിൻ എടുത്ത് റീ എൻട്രിയിൽ നാട്ടിൽ പോയവർക്ക് മാത്രമാണ് നേരിട്ട് വരാൻ അനുമതി. നിലവിലെ സാഹചര്യത്തിൽ നേരത്തെ ഇന്ത്യയിൽ പോയി കുടുങ്ങിയവർക്ക് ഇപ്പോഴും അന്യ രാജ്യങ്ങളെ ആശ്രയിച്ച് മാത്രമേ സഊദിയിലേക്ക് എത്താൻ സാധിക്കുന്നുള്ളൂ. പതിനാല് ദിവസം അവിടെ കഴിയുന്നതിനുൾപ്പെടെ വൻ തുകയാണ് പ്രവാസികൾ ചിലവാക്കുന്നത്. എന്നാൽ,ഏറ്റവും ചുരുങ്ങിയത്, മറ്റു രാജ്യങ്ങളെ പോലെ രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിയവർക്കെങ്കിലും നേരിട്ട് വരാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. നിലവിൽ നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന ചർച്ചയിൽ ഇത് ഫലപ്രദമായി ഉപയോഗിച്ചാൽ നടപ്പിലായേക്കും.
ഇതിനു സമാനമായ പ്രശ്‌നം തന്നെയാണ് കൊവാക്‌സിന് സ്വീകരിച്ച പ്രവാസികളും നേരിടുന്നത്. നിലവിൽ ലോകാരോഗ്യ സംഘടനയടക്കം പല രാജ്യങ്ങളും ഇന്ത്യയുടെ കൊവാക്‌സിന് അംഗീകരിച്ചിട്ടില്ലെങ്കിലും ബൂസ്റ്റർ ഡോസോടെ ഇത് അംഗീകരിക്കാവുന്ന തലത്തിലേക്ക് ചർച്ചകൾ എത്തിയേക്കുമെന്നും പ്രവാസികൾ പ്രതീക്ഷിക്കുന്നുണ്ട്.
ശനിയാഴ്ചയാണ് സഊദി വിദേശ കാര്യ മന്ത്രി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. ന്യൂഡൽഹിയിലെത്തിയ സഊദി വിദേശ കാര്യ മന്ത്രിയെ സഊദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സഈദ്ന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്നാണ് ഇന്ത്യൻ വിദേശ കാര്യ മന്ത്രി ഡോ: ജയ്‌ശങ്കറുമായി കൂടിക്കാഴ്ച്ച നിശ്ചയിച്ചിട്ടുള്ളത്. കൂടിക്കാഴ്ച്ചയിൽ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യ വല്ലതും ആവശ്യപ്പെടുമോ അതല്ല സാധാരണ നിലയിലുള്ള കൂടിക്കാഴ്ച്ചപോലെ പര്യവസാനിക്കുമോയെന്ന ആശങ്കയിലാണ് പ്രവാസികൾ.