റിയാദ്: സഊദിയിൽ തൊഴിലാളികൾ യോഗ്യതയുള്ളവരായിരിക്കണമെന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം ആവിഷ്‌കരിച്ച തൊഴിൽ യോഗ്യത പരീക്ഷയിൽ ആറ് പ്രൊഫഷൻ കൂടി ഉൾപ്പെടുത്തി. വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ തൊഴില്‍ പരീക്ഷയുടെ രണ്ടാം ഘട്ടത്തിലാണ് പുതിയ പ്രൊഫഷനുകൾ ഉൾപ്പെടുത്തിയത്. രണ്ടാം ഘട്ടത്തില്‍ എയര്‍കണ്ടീഷന്‍, വെല്‍ഡിംഗ്, കാര്‍പെന്റര്‍, കാര്‍ മെക്കാനിക്, കാര്‍ ഇലക്ട്രീഷ്യന്‍, പെയിന്റിംഗ് എന്നീ ആറു പ്രൊഫഷനുകളെ കൂടി പരീക്ഷാപരിധിയില്‍ ഉള്‍പ്പെടുത്തിയതായി പദ്ധതി ഡയറക്ടര്‍ എഞ്ചിനീയര്‍ സഅദ് അല്‍ഉഖൈല്‍ അറിയിച്ചു.
500 മുതല്‍ 2,999 തൊഴിലാളികളുളള സ്ഥാപനങ്ങള്‍ക്കാണ് ഇന്നലെ മുതല്‍ പരീക്ഷ തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ മൂവായിരവും അതിൽ കൂടുതലും ജീവനക്കാരുള്ള കമ്പനികളിലെ തൊഴിലാളികൾക്കാണ് പരീക്ഷ ആരംഭിച്ചിരുന്നത്. 50 മുതൽ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങൾക്ക് ഒക്‌ടോബർ ഒന്നു മുതലും ആറു മുതൽ 49 വരെ ജീവനക്കാരുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് നവംബർ മൂന്നു മുതലും ഒന്നു മുതൽ അഞ്ചു വരെ ജീവനക്കാരുള്ള ബി വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് ഡിസംബർ ഒന്നു മുതലും തൊഴിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കും.
പരീക്ഷ പാസാകാൻ മൂന്നു തവണ അവസരം നൽകും. മൂന്നാം തവണയും പരാജയപ്പെടുന്നവരെ തൊഴിൽ യോഗ്യതയില്ലാത്തവരായി കണക്കാക്കി രാജ്യത്തു നിന്ന് പുറത്താക്കും. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് വലിയ ഭാരം സൃഷ്ടിക്കുന്ന, തൊഴിൽ നൈപുണ്യമില്ലാത്ത തൊഴിലാളികളിൽ നിന്ന് പ്രാദേശിക തൊഴിൽ വിപണിയെ മുക്തമാക്കാനാണ് സഊദി അറേബ്യ ആഗ്രഹിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ തകാമുൽ ബിസിനസ് സർവീസ് കമ്പനിയിൽ പ്രൊഫഷനൽ ടെസ്റ്റ് വിഭാഗം വ്യക്തമാക്കിയിരുന്നു.
ഇതും കൂടി വായിക്കുക 👇
“സഊദിയിൽ വിദേശികൾക്കുള്ള യോഗ്യതാ പരീക്ഷ; രണ്ടാം ഘട്ടത്തിനു തുടക്കമായി”




