രാജ്യത്ത് കൊവിഡ് മോശം കാലം കഴിഞ്ഞെന്ന് പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ്

0
1763

അബുദാബി: രാജ്യത്ത് കൊവിഡിൻറ മോശംകാലം കഴിഞ്ഞെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഞായറാഴ്ച ഖസർ അൽ വത്വൻ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കവേയാണ് അദ്ദേഹം ശ്രദ്ധേയമായ പ്രഖ്യാപനം നടത്തിയത്.

പകർച്ചവ്യാധി സമയത്ത് യുഎഇ ഒരേ മനസ്സോടെയാണ് പ്രവർത്തിച്ചത്. ഇത് കൊണ്ട് തന്നെ കൊവിഡ് -19 നെതിരായ പോരാട്ടത്തിൽ ലോകത്തെ മികച്ച രാജ്യങ്ങളിൽ ഒന്നായി മാറിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ആരോഗ്യമേഖലയിൽ ഗുണനിലവാരവും സാന്നിധ്യവും ഉറപ്പുവരുത്തുക തങ്ങളുടെ പ്രധാന ലക്ഷ്യമാണ്. മഹാമാരിയെ പ്രതിരോധിച്ച് രാജ്യം ലോകത്തിന് മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 24 മുതൽ പ്രതിദിന കൊവിഡ് -19 കേസുകൾ 1,000 ൽ താഴെയായെന്നതും ഈ വർഷാവസാനത്തോടെ മുഴുവൻ താമസക്കാർക്കും കുത്തിവെപ്പ് നൽകാൻ സാധിക്കുമെന്ന കണക്ക് കൂട്ടലുമാണ് ശൈഖ് മുഹമ്മദിന് ശുഭാപ്തി വിശ്വാസമുണ്ടാകാൻ കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ അവലോകനം ചെയ്തു. ഓഗസ്റ്റ് 29 -ലെ കണക്കനുസരിച്ച് ഏകദേശം 87 ശതമാനം നിവാസികൾക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്, 76 ശതമാനം പേർക്ക് പൂർണമായും പ്രതിരോധ കുത്തിവെപ്പും നൽകിയിട്ടുണ്ട്.

മന്ത്രിസഭ യോഗത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനൻറ് ജനറൽ ശൈഖ സെയ്ഫ് ബിൻ സായിദ് ആൽ നെഹ്യാൻ, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവർ പങ്കെടുത്തു.