യുഎഇ ടൂറിസ്റ്റ് വിസ പുനരാരംഭം; ടൂറിസ്റ്റ് വിസ അപേക്ഷകൾ, ടിക്കറ്റ് ഡിമാൻഡ് നാലിരട്ടിയായി, ടിക്കറ്റ് നിരക്കിലും വൻ വർധനവ് ഉണ്ടാകുമെന്ന് ട്രാവൽസുകൾ

0
1243

അബുദാബി: യുഎഇ ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വിസ അപേക്ഷകളും ഒപ്പം ടിക്കറ്റ് ഡിമാന്റും നാലിരട്ടിയായി വർധിച്ചതായി കണക്കുകൾ. ഇന്ന് മുതൽ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികൾക്കായി വാതിൽ തുറക്കുന്നതായി രാജ്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സന്ദർശന വിസയുടെയും യുഎഇ വിമാന ടിക്കറ്റിന്റെയും ആവശ്യം നാലിരട്ടിയായി ഉയർന്നത്. എങ്കിലും, എയർലൈൻ ഉദ്യോഗസ്ഥരും ട്രാവൽ ഏജന്റുമാരും ഇപ്പോഴും സിവിൽ ഏവിയേഷൻ അധികാരികളിൽ നിന്നുള്ള അവസാന സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾക്കായി കാത്തിരിക്കുകയാണ്.

ഇന്ത്യയും പാകിസ്ഥാനും പോലുള്ള യാത്രകൾ നിയന്ത്രിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള വിസിറ്റ് വിസ ഉള്ളവരുടേതടക്കം നടപടികൾ പുറത്ത് വരേണ്ടതുണ്ടെന്ന് ഇന്ത്യൻ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. എയർലൈനുകളിൽ നിന്നുള്ള പ്രോട്ടോക്കോളുകളിൽ വ്യക്തതയ്ക്കായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് സ്മാർട്ട് ട്രാവൽസിന്റെ മാനേജിംഗ് ഡയറക്ടർ അഫി അഹമ്മദ് പറഞ്ഞു. ടൂറിസ്റ്റ് വിസ ഉള്ളവർക്ക് സെപ്റ്റംബർ 1 മുതൽ രാജ്യത്തേക്ക് യാത്ര ചെയ്യാനാകുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുക്കിംഗ് ഇതുവരെ അന്തിമമായിട്ടില്ലെങ്കിലും, പ്രത്യേകിച്ച് ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള യുഎഇ ഫ്ലൈറ്റുകൾക്ക് വിമാന നിരക്ക് വർദ്ധിച്ചിട്ടുണ്ട്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) എന്നിവ ശനിയാഴ്ച ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൊവിഡ് വാക്സിൻ ഡോസുകൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, ടൂറിസ്റ്റ് വിസ അപേക്ഷകൾ നൽകാൻ സാധിക്കുമെന്ന് ശനിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസ്റ്റ് വിസ കൈവശമുള്ള യാത്രക്കാർ വിമാനത്താവളത്തിൽ എത്തുമ്പോൾ നിർബന്ധമായും ദ്രുതഗതിയിലുള്ള പിസിആർ ടെസ്റ്റുകൾ നടത്തണമെന്നും, പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർക്കുള്ള (നിയന്ത്രിത രാജ്യങ്ങളിൽ നിന്നുള്ള) മുൻ നിയമങ്ങൾ നിലവിലുണ്ടെന്നും എൻസിഇഎംഎ വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച മാത്രം ഞങ്ങൾക്ക് 300 മുതൽ 400 വരെ അന്വേഷണങ്ങളാണ് ടിക്കറ്റ് ബുക്കിങ്ങുമായി ലഭിച്ചതെന്നും എയർലൈനുകളിൽ നിന്ന് ഞങ്ങൾക്ക് സ്ഥിരീകരണമില്ലാത്തതിനാൽ കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നില്ലെന്നും അഫി അഹമ്മദ് പറഞ്ഞു. കുത്തിവയ്പ് എടുക്കാത്ത കുട്ടികളുള്ള രക്ഷിതാക്കളും അവരുടെ കുട്ടികൾക്ക് യാത്ര ചെയ്യാൻ കഴിയുമോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും അഹമ്മദ് കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് 200-ലധികം വിസ അപേക്ഷകൾ ലഭിച്ചു കഴിഞ്ഞു, ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്കുകൾ ഇപ്പോൾ 700 ദിർഹമാണ്. സെപ്റ്റംബർ ഒന്നിനോട് അടുക്കുമ്പോൾ കുറഞ്ഞത് 900 ദിർഹം മുതൽ 2,000 ദിർഹം വരെ ഉയരുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും യുഎഇ ഫ്ലൈറ്റുകളുടെ സാധാരണ വിലയേക്കാൾ ഉയർന്ന നിരക്കാണ് ഗൂഗിൾ ട്രാവൽ ട്രെൻഡുകൾ കാണിക്കുന്നത്. ഇവിടെ നിന്നാണ് ഏറ്റവും വലിയ ആവശ്യമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഓൺലൈൻ ട്രാവൽ ഏജൻസിയായ Musafir.com ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റഹീഷ് ബാബു പറഞ്ഞു.