ഇ ടി ബഷീർ എം പി യുടെ ഇടപെടൽ; റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും ഇരുപതോളം മലയാളികൾ നാട്ടിലേക്ക് തിരിച്ചു

0
2596

റിയാദ്: റിയാദിലെ നാട്കടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇരുപതോളം മലയാളികൾ നാട്ടിലേക്ക് തിരിച്ചു. റിയാദിലെ വിവിധ പ്രദേശങ്ങളിൽനിന്നും പാസ്പോർട്ട് വിഭാഗം (ജവാസത്ത്) പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായി ഇവിടെ കഴിഞ്ഞിരുന്ന 18 മലയാളികളാണ് ഒടുവിൽ നാട്ടിലേക്ക് വിമാനം കയറിയത്. മലയാളികളുടെ മോചനത്തിനായി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും കെഎംസിസി പ്രവർത്തകരും നടപടികളുമായി പിടിക്കപ്പെട്ടത് മുതൽ രംഗത്തുണ്ടായിരുന്നു.

ഇതോടൊപ്പം തന്നെ സ്പോൺസർമാരുമായും സുഹൃത്തുക്കളുമായും സിദ്ദിഖ് തുവൂർ അടങ്ങുന്ന കെ.എം.സി.സി വെൽഫെയർ വിങ് ടീം ബന്ധപ്പെടുകയും എംബസിയെ വിഷയം ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി വിദേശകാര്യമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുകയും ഇവരെ വേഗത്തിൽ നാട്ടിലേക്ക് അയക്കാനുള്ള ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തീകരിക്കുകയുമായിരുന്നു.


22 ന് റിയാദിൽനിന്ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവെയ്സ് വിമാനത്തിലേക്കുള്ള ടിക്കറ്റുകൾ തരപ്പെടുത്തിയെങ്കിലും ചില കാരണങ്ങളാൽ യാത്ര തുടരാൻ കഴിഞ്ഞില്ല. ഇത് കെ.എം.സി.സിക്ക് ഭീമമായ സാമ്പത്തിക നഷ്ടത്തിന് കാരണമായി. ഒടുവിൽ കഴിഞ്ഞദിവസം റിയാദിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ ഇവരെ അയക്കുകയായിരുന്നു.