ചികിത്സയിലായിരുന്ന മലയാളി നഴ്സ് സഊദിയിൽ അന്തരിച്ചു

0
38

ജിസാൻ: അബൂഅരീഷ് സഊദി ആംഡ് ഫോഴ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്സ് പത്തനംതിട്ട റാന്നി നെല്ലിക്കാമൺ കുറിച്ചിപ്പത്തലിൽ വീട്ടിൽ ഷെർളി ഡേവിഡ് ജേക്കബ് (34) മരിച്ചു. ശ്വാസകോശരോഗം ഗുരുതരമായതിനെത്തുടർന്ന് ഈ മാസം അഞ്ചു മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഇതേ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു ഷെർളി. ഇന്ന് രാവിലെ ഷേർളിക്ക് ഹൃദയാഘാതമുണ്ടാകുകയും ആരോഗ്യനില കൂടുതൽ വഷളാകുകയും വൈകിട്ട് നാലു മണിയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്സായ സഹോദരി ഷൈനി ഡേവിഡ് ആശുപത്രിയിൽ ഷെർലിക്കൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ എട്ട് വർഷത്തിലധികമായി ജിസാൻ അബുഅരീഷിൽ സഊദി ഡിഫൻസ് ആശുപത്രിയിൽ ജോലിചെയ്യുകയായിരുന്നു. ഡേവിഡ് ജേക്കബിൻറെയും ശാന്തമ്മയുടെയും മകളായ ഷെർളി വിവാഹിതയാണ്. ജോബിനാണ് ഭർത്താവ്. കുട്ടികളില്ല. അബൂഅരീഷ് ഡിഫൻസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷെർളിയുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി സഹോദരി ഷൈനി അറിയിച്ചു.