റിയാദ്: സഊദിയിൽ ബുധനാഴ്ച രണ്ട് വ്യത്യസ്ത കൊലപാതക കേസുകളിൽ രണ്ട് പ്രതികളെ വധ ശിക്ഷക്ക് വിധേയരാക്കി. ജിദ്ദയിലും, യാമ്പുവിലുമാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഊദി പൗരനെ കഴുത്തിൽ കയർ മുറുക്കി കൊന്ന കേസിൽ യമൻ പൗരനെയും യമൻ പൗരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ സഊദി പൗരനെയുമാണ് ബുധനാഴ്ച ജിദ്ദ, യാമ്പു എന്നിവിടങ്ങളിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
അഹ്‌മദ് ബിൻ സഈദ് അൽ അമൂദി എന്ന സഊദി പൗരനെ കൊല്ലപ്പെടുത്തിയ യമനി പൗരനായ മുഹമ്മദ് സാലിം അഹ്മദ് ഷറാറിയെയാണ് ബുധനാഴ്ച മക്ക പ്രവിശ്യയിൽ വധശിക്ഷക്ക് വിധേയനാക്കിയത്. മോഷണ ശ്രമത്തിനിടെയാണ് ക്രൂരമായ കൊലപാതകം നടത്തിയത്. കൊലപ്പെടുത്തിയ ശേഷം പ്രതി സഊദി പൗരൻ്റെ കയ്യിലുണ്ടായിരുന്ന പണം മോഷ്ടിക്കുകയും നിയമ പരമല്ലാത്ത രീതിയിലൂടെ രാജ്യത്തിനു പുറത്തേക്ക് അയക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയും അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തിരുന്നു.
മറ്റൊരു കേസിൽ ബന്ദർ ബിൻ ഹമേദ് ബിൻ മുഹമ്മദ് അൽ അൽവാനി എന്ന സഊദി പൗരൻ യെമൻ പൗരനായ മുഹമ്മദ് നാസർ ഉസ്മാൻ അൽ ഹാർബിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിലെ പ്രതിയായ ബന്ദർ ബിൻ ഹമേദ് ബിൻ മുഹമ്മദ് അൽ അൽവാനിയെയാണ് യാമ്പുവിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
രണ്ട് കേസുകളിലും വിചാരണയെ തുടർന്ന് ക്രിമിനൽ കോർട്ട് പ്രതികൾക്ക് വധ ശിക്ഷ വിധിക്കുകയും ക്രിമിനൽ കോടതിയുടെ ഉത്തരവിനെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് വധ ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും വധശിക്ഷ നടപ്പിലാക്കിയത്.




