സഊദിയിലേക്ക് കേരളത്തിൽ നിന്ന് അടുത്ത ദിവസങ്ങളിൽ പ്രവാസികൾ എത്തിത്തുടങ്ങും

0
4943

റിയാദ്: സഊദിയിലേക്കുള്ള പ്രവേശന ചിത്രം വ്യക്തമായതോടെ ആദ്യ ഘട്ടത്തിൽ കേരളത്തിൽ നിന്ന് ചാർട്ടർ വിമാനങ്ങളിൽ യാത്രക്കാർ ബുക്കിംഗ് തുടങ്ങി. നിലവിൽ സഊദിയിലേക്കുള്ള ആരോഗ്യ പ്രവർത്തകരുമായി എത്തുന്ന വിമാനങ്ങളിൽ സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങളിൽ ഉൾപ്പെട്ടവർക്ക് വരാനാകുമെന്നതിനാലാണ് ഈ വിമാനങ്ങളിൽ സൗകര്യം ഒരുക്കുന്നത്. ബുധനാഴ്ച വൈകീട്ടോടെ തന്നെ സഊദി സിവിൽ എവിയേഷന്റെ സർക്കുലർ പുറത്ത് വന്നതോടെ വിമാനകമ്പനികൾക്കും ഇത് സംബന്ധമായി തീരുമാനം കൈകൊള്ളാനായി. ഇത് പ്രകാരമാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കേരളത്തിൽ നിന്നുള്ള നേരിട്ടുള്ള ചാർട്ടഡ് വിമാനത്തിൽ പ്രവാസികൾ എത്തിച്ചേരുക.

ഏറ്റവും പുതിയ വിവരം അനുസരിച്ച് അടുത്ത ദിവസങ്ങളിൽ കേരളത്തിൽ നിന്ന് നേരിട്ടുള്ള ചാർട്ടഡ് വിമാനം ഉണ്ടെന്നാണ് ട്രാവൽ വൃത്തങ്ങൾ പറയുന്നത്. ആരോഗ്യ പ്രവർത്തകർക്കായി നേരത്തെ തന്നെ ചാർട്ടർ ചെയ്ത ഈ വിമാനത്തിൽ സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത ശേഷം നാട്ടിലേക്ക് പോയവർക്ക് തിരിച്ചു വരാനാകും. ഇത് സംബന്ധമായി സിവിൽ എവിയേഷൻ അറിയിപ്പ് വന്നതോടെ വിമാന കമ്പനികൾ ഇത്തരക്കാരെ യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് അറിയിച്ചതായും ഇവർക്ക് യാത്ര പോകാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഇത് പ്രകാരമാണ് അടുത്ത ദിവസങ്ങളിൽ പോകുന്ന ചാർട്ടഡ് വിമാനത്തിൽ സഊദിയിൽ നിന്ന് രണ്ട് ഡോസ് എടുത്ത് നാട്ടിൽ പോയ ഏതാനും പ്രവാസികൾ അവധി കഴിഞ്ഞു തിരിച്ചെത്തുന്നത്.

ഗാക ബുധനാഴ്ച പുറത്തിറക്കിയ സർക്കുലറിൽ ഇത്തരക്കാർക്ക് തിരിച്ചെത്താൻ പ്രത്യേക ദിവസം പറഞ്ഞിട്ടില്ല എന്നതിനാൽ സർക്കുലർ വിമാന കമ്പനികൾക്ക് ലഭ്യമായതോടെ തന്നെ പ്രവേശനം സാധ്യമാകുമെന്നാണ് വ്യക്തമാകുന്നത്. ഈ അടിസ്ഥാനത്തിലാണ് അടുത്ത ദിവസങ്ങളിൽ തന്നെയുള്ള സർവീസുകളിൽ പ്രവാസികൾ എത്തിച്ചേരുന്നത്.

അതേസമയം, അടുത്ത ദിവസങ്ങളിൽ തന്നെ കൂടുതൽ ചാർട്ടഡ് വിമാനങ്ങളും സജ്ജീകരിക്കുന്നുണ്ട്. വിവിധ ട്രാവൽസുകൾ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. നേരത്തെ ആരോഗ്യ പ്രവർത്തകർക്ക് മാത്രമായിരുന്നു നേരിട്ടുള്ള പ്രവേശനം എന്നതിനാൽ വളരെ കുറഞ്ഞ സർവ്വീസുകൾ മാത്രമായിരുന്നു ചാർട്ട് ചെയ്തിരുന്നത്. എന്നാൽ, ഇനി മുതൽ കൂടുതൽ ചാർട്ടഡ് വിമാനങ്ങൾക്കായുള്ള ക്രമീകരണങ്ങളും അനുവാദവും ലഭിക്കാനുള്ള ശ്രമങ്ങളും ചാർട്ടഡ് വിമാന സർവീസുകൾ സജ്ജീകരിക്കുന്ന ട്രാവൽസുകൾ ത്വരിതഗതിയിൽ തുടങ്ങുന്നുണ്ട്.