റിയാദ്: ആശയവിനിമയ, വിവര സാങ്കേതിക രംഗത്ത് സ്വന്തം കുതിപ്പിൽ സഊദി അറേബ്യ. സഊദി വിഷൻ ലക്ഷ്യമാക്കുന്ന കിരീടവകാശിയുടെ സ്വപ്നങ്ങൾക്ക് സാക്ഷത്കാരമായി സ്വന്തമായി സ്മാർട്ട് ചിപ്പ് പുറത്തിറക്കി. സ്വന്തമായി വികസിപ്പിച്ച് നിർമ്മിച്ച സ്മാർട്ട് ചിപ്പ് പുറത്തിറക്കിയതായ പ്രഖ്യാപനം ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എഞ്ചിനീയർ അബ്ദുള്ള അൽ സവാഹയാണ് വെളിപ്പെടുത്തിയത്. റിയാദിൽ നടക്കുന്ന മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ സാങ്കേതിക പരിപാടിയിലായിരുന്നു അദേഹത്തിന്റെ പ്രഖ്യാപനം.
സൈനിക, വാണിജ്യ, സിവിലിയൻ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്ന സ്മാർട്ട് ചിപ്പ് പൂർണ്ണമായും സഊദി കൈകളും മനസ്സും ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും സ്മാർട്ട് ചിപ്പുകൾ നിർമ്മിക്കാനുള്ള രാജ്യത്തിന്റെ കഴിവ് ഇതോടെ തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
റിയാദിലെ ലോഞ്ച് ഇവന്റിന്റെ ഉദ്ഘാടന വേളയിൽ സഊദി നിർമ്മിത ചിപ്പിന്റെ വിശേഷണങ്ങളും അദ്ദേഹം പങ്ക് വെച്ചു. സഊദി നിർമ്മിത ചിപ്പുകൾക്ക് ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ യാത്രയുടെ 60,000 മടങ്ങ് കൂടുതൽ പ്രോസസ്സിംഗ് ശക്തിയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
സഊദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റിയുടെ നേതൃത്വത്തിൽ ആഗോള കരാറുകളിൽ ഒപ്പുവയ്ക്കുന്നതോടെ ലോകത്തിലെ ഒന്നാം നമ്പർ സാങ്കേതിക കേന്ദ്രമായി സഊദി അറേബ്യ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദിൽ നടക്കുന്ന മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ സാങ്കേതിക പരിപാടിയിലായിൽ ലോകത്തിലെ സാങ്കേതിക ഭീമന്മാരിൽ നിന്നുള്ള 10 കമ്പനികളുടെ പങ്കാളിത്തത്തോടെ പുതിയ സംരംഭങ്ങളുടെ സമാരംഭത്തിന് സംഗമം സാക്ഷ്യം വഹിക്കും.
വീഡിയോ👇




